ദുബൈയിൽ 'വ്യാജ പൊലീസ്' കോളുകൾ വ്യാപകം; ആശങ്ക പ്രകടിപ്പിച്ച് മലയാളികൾ
ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്ന മുന്നറിയിപ്പ്
ദുബൈയിൽ പൊലീസെന്ന വ്യാജേനയുള്ള ഫോൺ കോളുകൾ വ്യാപകമാകുന്നതായി പരാതി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നും ചില നടപടിക്രമങ്ങൾക്ക് ബാങ്ക് വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ് ഫോൺ വിളികൾ വരുന്നത്.
ഈ അടുത്ത ദിവസങ്ങളിലായി ഇത്തരത്തിലുള്ള വ്യാജ കോളുകൾ പതിവായി വരുന്നതായി മലയാളികളടക്കമുള്ളവർ മീഡിയാവണ്ണുമായി ആശങ്ക പങ്കുവച്ചു. ദുബൈയിൽ സ്വകാര്യകമ്പനികളിൽ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂർ സ്വദേശികളായ സാലിം, ജമാൽ എന്നിവർക്ക് ഒന്നിലധികം തവണ ഇത്തരം കോളുകൾ വന്നതായി പറയുന്നു. ഇനിയും ഇത് തുടർന്നാൽ പൊലീസിനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
കൂടാതെ ഫോൺ കോളിനോടൊപ്പം ദുബൈ പൊലീസിന്റെ പേരിൽ തന്നെ അയക്കുന്ന ഒ.ടി.പിയും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഫോൺകോൾ വന്ന സമയത്ത് തങ്ങളുടെ ബന്ധു പൊലീസിലുണ്ടെന്ന 'മറുമരുന്ന്' പ്രയോഗത്തിൽ വേഗം ഫോൺ ബന്ധം വിച്ഛേദിച്ചതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്നാണ് അധികൃതരുടെ നിരന്തരമായുള്ള മുന്നറിയിപ്പ്.