ഗസ്സയിൽ പരിക്കേറ്റ കുട്ടികളുമായി രണ്ടാം വിമാനം അബൂദബിയിൽ
കുട്ടികൾക്ക് അബൂദബിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ ആരംഭിച്ചു.
അബൂദബി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുമായി രണ്ടാമത്തെ വിമാനം അബൂദബിയിലെത്തി. കുട്ടികളും കുടുംബാംഗങ്ങളുമടക്കം 50 പേരടങ്ങളുന്ന വിമാനമാണ് എത്തിയത്. കുട്ടികൾക്ക് അബൂദബിയിലെ വിവിധ ആശുപത്രികളിൽ ചികിൽസ ആരംഭിച്ചു.
മെഡിക്കൽ ജീവനക്കാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 50 ലേറെ പേരാണ് അൽ അരിഷ് വിമാനത്താവളത്തിൽ നിന്നും ഇന്ന് അബുദാബിയിലെത്തിയത്. അർബുദരോഗ ബാധിതരും ഇന്ന് എത്തിയ വിമാനത്തിലുണ്ട്. കുടുതൽ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ യു.എ.ഇയിലെത്തും. ഫലസ്തീനിൽ പരിക്കേറ്റ 1000 കുട്ടികളെയും, 1000 അർബുദ രോഗികളെയുംചികിത്സക്കായി എത്തിക്കാൻ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ അബൂദബിയിലെത്തിക്കുന്നത്.
15 കുട്ടികളും, അവരുടെ കുടുംബാംഗങ്ങളുമായാണ് ആദ്യവിമാനം കഴിഞ്ഞദിവസം അബുദബിയിലെത്തിയത്. ചികിത്സയിൽ കഴിയുന്ന ഫല്‌സ്തീൻ കുട്ടികളെ ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ അധികൃതർ സന്ദർശിച്ചിരുന്നു.