ഇറാൻ മോചിപ്പിച്ച അഞ്ച് അമേരിക്കക്കാർ നാട്ടിലെത്തി
കഴിഞ്ഞ ദിവസം അഞ്ചു പേരും ഇറാനിൽ നിന്ന് ദോഹയിലെത്തിയിരുന്നു.
ഇറാൻ മോചിതരാക്കിയ അഞ്ച് അമേരിക്കക്കാർ നാട്ടിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരെയും വഹിച്ചുള്ള വിമാനം വിർജീനിയയിലെ ഫോർട്ട് ബെൽവോയിറിൽ ഇറങ്ങിയത്.
കഴിഞ്ഞ ദിവസം അഞ്ചു പേരും ഇറാനിൽ നിന്ന് ദോഹയിലെത്തിയിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ദക്ഷിണ കൊറിയയിൽ തടഞ്ഞുവച്ച ഇറാന്റെ 600 കോടി ഡോളർ ദോഹയിലെ ബാങ്കുകളിലേക്ക് അയച്ചിരുന്നു.
അതേസമയം, ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു തടവുകാരെ മോചിപ്പിക്കൽ.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അനുരഞ്ജന നീക്കങ്ങളില്‍ പ്രധാന ഉപാധികള്‍ തടവുകാരെ കൈമാറലും ഉപരോധം കാരണം മരവിപ്പിച്ച പണം തിരിച്ചു നല്‍കലുമാണ്. അതേസമയം, അമേരിക്കയില്‍ തടവിലുള്ള ഇത്രയും ഇറാന്‍ പൗരന്മാരെയും ഉടന്‍ മോചിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.