പെരുന്നാൾ അവധിക്കാലത്ത് ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ്

ഈദുൽ ഫിത്ർ പ്രമാണിച്ച് ദുബൈ മെട്രോയുടെ പ്രവർത്തന സമയം നീട്ടുമെന്നും ആർടിഎ

Update: 2024-04-06 14:06 GMT
Advertising

ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) അവധിക്കാലത്ത് ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ്. ദുബൈയിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യാണ് അറിയിച്ചത്. അതേസമയം, ശവ്വാൽ നാലിന് നിരക്കുകൾ പുനഃരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.

റമദാൻ 29 ഏപ്രിൽ എട്ട് തിങ്കളാഴ്ചയാണ്. അതിനാൽ സാധാരണ നോ-പേ പാർക്കിംഗ് ദിവസമായ ഏപ്രിൽ ഏഴ് മുതൽ ജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് ആസ്വദിക്കാം.

അതേസമയം, തിങ്കളാഴ്ച മാസപ്പിറ കണ്ടാൽ, അത് റമദാനിന്റെ അവസാന ദിവസമായിരിക്കും. പെരുന്നാളിന്റെ ആദ്യ ദിവസം ഏപ്രിൽ 9 ചൊവ്വാഴ്ചയാകും. തുടർന്ന് ശവ്വാൽ 3, ഏപ്രിൽ 11, വ്യാഴാഴ്ച വരെ അഞ്ച് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കും. എന്നാൽ പഴയ നിരക്കുകൾ ഏപ്രിൽ 12 വെള്ളിയാഴ്ച പുനഃരാരംഭിക്കും.

തിങ്കളാഴ്ച മാസപ്പിറ കണ്ടില്ലെങ്കിൽ വിശുദ്ധ മാസം 30 ദിവസം നീണ്ടുനിൽക്കും. പെരുന്നാൾ ഏപ്രിൽ 10 നും ശവ്വാൽ 3 ഏപ്രിൽ 12 നും ആയിരിക്കും. അങ്ങനെ വന്നാൽ ഏപ്രിൽ 13 ശനിയാഴ്ച നിരക്ക് പുനഃരാരംഭിക്കുന്നതിനാൽ ആറ് ദിവസത്തേക്ക് പൊതു പാർക്കിംഗ് സൗജന്യമാകും.

മെട്രോ, ട്രാം സമയങ്ങൾ

ഈദുൽ ഫിത്ർ പ്രമാണിച്ച് ദുബൈ മെട്രോയുടെ പ്രവർത്തന സമയം നീട്ടുമെന്നും ആർടിഎ അറിയിച്ചു.

  • റെഡ്, ഗ്രീൻ ലൈനുകൾ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെ (അടുത്ത ദിവസം) പ്രവർത്തിക്കും.
  • ഞായറാഴ്ച (ഏപ്രിൽ 7) രാവിലെ 8 മുതൽ രാവിലെ 1 വരെ (അടുത്ത ദിവസം)
  • തിങ്കൾ മുതൽ ശനി വരെ (ഏപ്രിൽ 8-13) രാവിലെ 5 മുതൽ 1 വരെ
  • ഞായറാഴ്ച (ഏപ്രിൽ 14) രാവിലെ 8 മുതൽ അർധരാത്രി 12 വരെ

ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. കൂടാതെ ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 9 മുതൽ പുലർച്ചെ 1 വരെ.

പൊതു ബസുകൾ

പബ്ലിക് ഇന്റർസിറ്റി ബസുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണം വരുത്തുമെന്ന് ആർടിഎ അറിയിച്ചു. S'hail ആപ്പ് പരിശോധിച്ചാൽ യാത്രക്കാർക്ക് വിവരം അറിയാം. വാട്ടർ ടാക്സി, ദുബൈ ഫെറി, അബ്ര എന്നിവയുൾപ്പെടെയുള്ള സമുദ്രഗതാഗതത്തിനുള്ള പ്രവർത്തന സമയവും ആർടിഎ ആപ്പിൽ കാണാം.

വാഹന പരിശോധന

റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ഈദുൽ ഫിത്ർ സമയത്ത് സേവന കേന്ദ്രങ്ങൾ അടച്ചിരിക്കും. ശവ്വാൽ 4 ന് ജോലി പുനഃരാരംഭിക്കും. റമദാൻ 29 നും ശവ്വാൽ 3 നും മാത്രമേ വാഹന പരിശോധന സേവനം നൽകൂ.

ഉമ്മ് റമൂൽ, ദെയ്റ, ബർഷ, അൽ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ കിയോസ്‌കുകളോ സ്മാർട്ട് കസ്റ്റമർ സെന്ററുകളോ ഒഴികെയുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധി ദിവസങ്ങളിൽ അടച്ചിരിക്കും.

അബൂദബിയിലും സൗജന്യ പാർക്കിംഗ്

അബൂദബിയിൽ ഏപ്രിൽ എട്ട് ഞായറാഴ്ച മുതൽ ഏപ്രിൽ 14 വരെ സൗജന്യ പാർക്കിംഗ് ഉണ്ടാകുമെന്നാണ് യു.എ.ഇ തലസ്ഥാനത്തെ ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ അറിയിക്കുന്നത്. ഏപ്രിൽ 15 മുതൽ പാർക്കിംഗിന് നിരക്ക് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഈദുൽ ഫിത്ർ അവധിയോട് അനുബന്ധിച്ച് സൗജന്യ ടോൾ സമയവും അതോറിറ്റി പ്രഖ്യാപിച്ചു. ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ ഡാർബ് ടോൾ ഗേറ്റുകൾ സൗജന്യമായിരിക്കും.

പൊതു ബസുകൾ, അബുദബി എക്‌സ്പ്രസ്, അബുദബി ലിങ്ക് എന്നിവ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.

ബുധൻ മുതൽ ഞായർ വരെ ഓരോ 60 മിനിറ്റിലും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് സർവീസ് സമയക്രമം ഇപ്രകാരമാണ്:

റീം മാളിൽ നിന്നുള്ള ആദ്യ യാത്ര: രാവിലെ 10 മണി

റീം മാളിൽ നിന്നുള്ള അവസാന യാത്ര: രാത്രി 7.00

മറീന മാളിൽ നിന്നുള്ള ആദ്യ യാത്ര: രാവിലെ 10.50

മറീന മാളിൽ നിന്നുള്ള അവസാന യാത്ര: രാത്രി 7.50

ഷാർജയിലും സൗജന്യ പാർക്കിംഗ്

ഷാർജയിൽ ഈദുൽ ഫിത്‌റിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

എന്നാൽ നീല സൈൻബോർഡുകളുള്ള പാർക്കിംഗ് സോണുകളിൽ നിരക്കുകൾ തുടരും. വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഈയിടങ്ങളിൽ ഫീസ് ഈടാക്കും.

സൗജന്യ പാർക്കിംഗ് സമയം ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി സ്ഥിരീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പെരുന്നാളിനോടനുബന്ധിച്ച് പാർക്കിംഗ് ഇൻസ്‌പെക്ടർമാരെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം പാർക്കിംഗ് സ്ഥലം ഉപയോഗിക്കുക, ക്രമരഹിതമായി വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുക, ഗതാഗതം തടസ്സപ്പെടുത്തുക എന്നിവയാണ് സാധാരണയായുണ്ടാകുന്ന നിയമലംഘനങ്ങൾ. ഈദ് പ്രാർത്ഥനാ ഹാളുകൾ സുരക്ഷിതമാക്കുന്നതിനും ആരാധകർക്ക് മതിയായ പാർക്കിംഗ് ഉറപ്പാക്കുന്നതിനും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുമെന്നും അൽ തുനൈജി വ്യക്തമാക്കി.

പൊതു ഗതാഗതം

ഈദുൽ ഫിതർ അവധി ദിനങ്ങളിൽ ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) സർവീസ് വിപുലീകരിച്ചതിനാൽ യാത്രക്കാർക്ക് കൂടുതൽ ബസ് യാത്രകൾ പ്രതീക്ഷിക്കാം. ഏപ്രിൽ 9 മുതൽ 12 വരെ, മൊത്തം 789 ഇന്റർസിറ്റി ബസുകൾ യാത്രക്കാർക്ക് സേവനം നൽകുമെന്നും പ്രതിദിന ട്രിപ്പുകളുടെ എണ്ണം 6,330 ആയി ഉയർത്തുമെന്നും എസ്ആർടിഎ അറിയിച്ചിട്ടുണ്ട്.

ഈദ് വേളയിൽ സുരക്ഷിതവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കാൻ എല്ലാ റൂട്ടുകളിലേക്കും പുലർച്ചെ 3.45 മുതൽ അർധരാത്രി 12.30 വരെ ഇന്റർസിറ്റി പാസഞ്ചർ ട്രാൻസ്ഫർ ജുബൈൽ സ്റ്റേഷനിൽ ആരംഭിക്കും.

ഷാർജയ്ക്കും ഒമാനിലെ മസ്‌കത്തിനും ഇടയിലുള്ള യാത്രക്കാർക്കായി ദിവസത്തിൽ രണ്ടുതവണ സർവീസ് അനുവദിച്ചിട്ടുണ്ട്. ആദ്യത്തേത് രാവിലെ 6.30 നും രണ്ടാമത്തേത് വൈകുന്നേരം നാലിനുമാണുണ്ടാകുക. അമ്മാൻ ടെലികോം പ്ലാറ്റ്ഫോം വഴിയോ ജുബൈൽ ബസ് സ്റ്റേഷനിലെ ഔട്ട്ലെറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളും വിശ്രമ കേന്ദ്രങ്ങളും നിരീക്ഷിക്കാൻ 43 ടീമുകളെ ഷാർജ സിറ്റി മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്. പാർക്കുകൾ, ബീച്ചുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, സലൂണുകൾ, ബാർബർഷോപ്പുകൾ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലൂടെ ഇൻസ്‌പെക്ടർമാർ പരിശോധന നടത്തുമെന്ന് അൽ തുനൈജി പറഞ്ഞു. ഏതെങ്കിലും ലംഘനങ്ങളോ നിരീക്ഷണങ്ങളോ അറിയിക്കാൻ 993 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ 24/7 ബന്ധപ്പെടാമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

Free parking in Dubai, Abu Dhabi and Sharjah during Eid holidays

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News