നാളെ മുതൽ യുഎഇയിൽ ഇന്ധനവില കുത്തനെ വർധിക്കും; പെട്രോൾ വില ആദ്യമായി ലിറ്ററിന് 3 ദിർഹത്തിന് മുകളിലേക്ക്
റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതാണ് വർധനക്ക് കാരണം
നാളെ മുതൽ യു.എ.ഇയിൽ ഇന്ധനവില കുത്തനെ വർധിക്കും. പെട്രോൾ വില ചരിത്രത്തിൽ ആദ്യമായി ലിറ്ററിന് 3 ദിർഹത്തിന് മുകളിലേക്ക് എത്തും. റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതാണ് വർധനക്ക് കാരണം.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലക്ക് അനുസൃതമായാണ് എണ്ണ ഉൽപാദകരാജ്യമായ യു.എ.ഇയിൽ ഓരോമാസത്തെയും ഇന്ധനവില നിശ്ചയിക്കുന്നത്. ഊർജമന്ത്രാലയം മാർച്ച് മാസത്തിലെ എണ്ണ വില പ്രഖ്യാപിച്ചപ്പോൾ പെട്രോൾ വില ലിറ്റിന് 29 ഫിൽസ് മുതൽ 30 ഫിൽസ് വരെ വർധിപ്പിച്ചു.
ഡീസലിന്റെ വിലയിൽ ലിറ്ററിന് 31 ഫിൽസ് വർധനയുണ്ടാകും. കൂടുതൽ പേർ ഉപയോഗിക്കുന്ന സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 94 ഫിൽസിൽ നിന്ന് 29 ഫിൽസ് വർധിച്ച് 3 ദിർഹം 23 ഫിൽസാകും. സ്പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 82 ഫിൽസിൽ നിന്ന് 3 ദിർഹം 12 ഫിൽസാകും. 30 ഫിൽസാണ് വർധന.
ഇപ്ലസ് പെട്രോളിന്റെ വിലയും 30 ഫിൽസ് വർധിക്കും. നിലവിൽ 2 ദിർഹം 75 ഫിൽസ് വിലയുള്ള ഇപ്ലസിന് മാർച്ച് ഒന്ന് മുതൽ 3 ദിർഹം 5 ഫിൽസ് നൽകണം. ഡിസൽ ലിറ്ററിന് 31 ഫിൽസ് വർധിക്കും. നിലവിൽ 2 ദിർഹം 88 ഫിൽസ് വിലയുള്ള ഡീസൽ വില 3 ദിർഹം 19 ഫിൽസാകും.