ബജറ്റിനെ പിന്തുണച്ച്​ ഗള്‍ഫിലെ സമ്പന്ന വ്യവസായികൾ

അടിസ്​ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ തുറകളിൽ കേന്ദ്രബജറ്റ്​ സ്വീകരിച്ച നടപടികൾ രാജ്യത്തി​ന്‍റെ വികസനം ത്വരിതഗതിയിലാക്കുമെന്നാണ്​ ഗൾഫ്​ വ്യവസായികളുടെ പ്രതീക്ഷ

Update: 2022-02-01 19:02 GMT
Advertising

കേന്ദ്രബജറ്റിനെ പിന്തുണച്ച്​​ ഗൾഫിലെ സമ്പന്ന വ്യവസായികൾ. അടിസ്​ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ തുറകളിൽ കേന്ദ്രബജറ്റ്​ സ്വീകരിച്ച നടപടികൾ രാജ്യത്തി​ന്‍റെ വികസനം ത്വരിതഗതിയിലാക്കുമെന്നാണ്​ ഗൾഫ്​ വ്യവസായികളുടെ പ്രതീക്ഷ. നിക്ഷേപം ഉൾപ്പെടെയുള്ള മേഖലകളിൽ ഗൾഫ്​ - ഇന്ത്യ ബന്ധം കൂടുതൽ ശക്​തമാകാനും ബജറ്റ്​ വഴിയൊരുക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.

ഡിജിറ്റൽ മാറ്റങ്ങൾക്ക്​ ഊന്നൽ നൽകുന്ന കരുത്തുറ്റ ബജറ്റാണിതെന്ന്​ ലുലു ഗ്രൂപ്പ്​ മേധാവി എം.എ യൂസുഫലി പറഞ്ഞു. രാജ്യത്തിന്‍റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ശക്​തമായ ഊന്നൽ നൽകുന്ന ബജറ്റിൽ പ്രഖ്യാപിച്ച നാല്​ ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യപരിചരണ ദാതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ മേഖലയിലെ വളർച്ചക്കുതകുന്ന നിർദേശങ്ങൾ ബജറ്റിൽ ഉൾപെടുത്തിയത്​ ​മികച്ച നടപികളാണെന്ന്​ ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ മേധാവി ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു​. ഡിജിറ്റല്‍വല്‍ക്കരണം, സുസ്ഥിരത, ഊര്‍ജ സംരക്ഷണം, അടിസ്ഥാനസൗകര്യ വികസനം എന്നിവക്ക് ബജറ്റ്​ ഊന്നൽ നൽകിയതിനെയും ഡോ. ആസാദ്​ മൂപ്പൻ പ്രകീർത്തിച്ചു.

ഡയമണ്ടിന്‍റെ കസ്റ്റംസ്​ തീരുവകുറച്ചത്​ മികച്ച നടപടിയാണെന്ന്​ ജോയ്​ ആലുക്കാസ്​ വ്യക്​തമാക്കി. അടുത്ത നൂറ്​വർഷത്തേക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികൾക്ക്​ അടിത്തറ പാകാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന്​ മലബാർ ഗോൾഡ്​ ഇൻറർനാഷനൽ ഓപറേഷൻസ്​ മേധാവി ഷംലാൽ അഹ്​മദ്​ പറഞ്ഞു. സ്വർണത്തിന്‍റെ ഇറക്കുമതി തിരുവകുറക്കുന്ന കാര്യവും ബജറ്റിൽ വേണ്ടതായിരുന്നുവെന്നും ഷംലാൽ ചൂണ്ടിക്കാട്ടി. ആരോഗ്യപരിപാലന മേഖലയ്ക്ക് സർക്കാർ നൽകുന്ന മുൻഗണന ബജറ്റിൽ പ്രതിഫലിച്ചതായി ഡോ. ഷംസീർ വയലിൽ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News