ഗൾഫ് മാധ്യമം കമോൺ കേരള നിക്ഷേപക ഉച്ചകോടി ഇന്ന്
ഷാർജ ചേംബർ ഓഫ് കോമേഴ്‌സാണ് വേദി
ഗൾഫ് മാധ്യമം കമോൺ കേരള മേളക്ക് മുന്നോടിയായി നടക്കുന്ന നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്‌സിൽ വേദിയൊരുങ്ങും. ഇന്ത്യയിലെയും യു.എ.ഇയിലെയും നിക്ഷേപകർ ഉച്ചകോടിയിൽ പങ്കെടുക്കും.
രാവിലെ 10ന് ഷാർജ ചേംബർ ഡെപ്യൂട്ടി ചെയർമാൻ വാലിദ് അബ്ദുൽ റഹ്മാൻ ബുകാതിർ, കൊമേഴ്‌സ് ആൻഡ് ടൂറിസം ഡയറക്ടർ ശൈഖ് സാലിം മുഹമ്മദ് അൽ ഖാസിമി എന്നിവർ നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
യു.എ.ഇയിലെയും കേരളത്തിലെയും നിക്ഷേപക സാധ്യതകളിലേക്ക് വഴികാണിക്കുന്ന സംഗമത്തിൽ സംരംഭക മേഖലയിൽ വിജയം കുറിച്ചവരും നിക്ഷേപക വിദഗ്ധരും സംസാരിക്കും. മേഖലയിലെ വെല്ലുവിളികൾ, പുതിയ ട്രെൻഡ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിത നിക്ഷേപം എന്നിവയെ കുറിച്ച് ഉപദേശ, നിർദേശങ്ങൾ ലഭ്യമാക്കും.
യു.എ.ഇയിൽ ജൂൺ മുതൽ നടപ്പാക്കുന്ന കോർപറേറ്റ് ടാക്‌സ്, കഴിഞ്ഞ വർഷം നിലവിൽ വന്ന ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ്, നിർമിത ബുദ്ധി എന്നിവയെ കുറിച്ച് പാനൽ ചർച്ചകൾ നടക്കും. കേരള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും ചർച്ചകളിൽ പങ്കെടുക്കും.
കമോൺ കേരളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഷാർജ ഡിപാർട്ട്‌മെൻറ് ഓഫ് ഗവൺമെൻറ് റിലേഷൻസ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥികളാകും.