മലമുകളിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ ഹത്ത പൊലീസ് രക്ഷപ്പെടുത്തി
അടിയന്തര സാഹചര്യമുണ്ടായാൽ 999 എന്ന നമ്പരിൽ വിളിച്ചറിയിക്കണം
ട്രക്കിങ്ങിനിടെ മലമുകളിൽ വഴിയറിയാതെ കുടുങ്ങിയ ആറംഗ കുടുംബത്തെ ഹത്ത പൊലീസ് സംഘം രക്ഷപ്പെടുത്തി. മാതാപിതാക്കളും നാല് കുട്ടികളും ഉൾപ്പെടുന്ന വിദേശ കുടുംബമാണ് വഴി തെറ്റിയതിനെ തുടർന്ന് പൊലീസിനോട് സഹായമഭ്യർത്ഥിച്ചതെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയരക്ടർ കേണൽ അബ്ദുല്ല റാഷിദ് അൽ ഹഫീത് പറഞ്ഞു.
സംഘം നിശ്ചിത റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്. വിവരം ലഭിച്ച ഉടനെ ഡ്രോണുകളുടെ സഹായത്തോടെ പൊലീസ് കുടുംബത്തെ കണ്ടെത്തി മേഖല തിരിച്ചറിയുകയായിരുന്നു.
പർവതങ്ങളുടെയും താഴ്വരകളുടെയും അണക്കെട്ടിന്റെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി നിരവധി പേരാണ് നിലവിൽ ഹത്തയിലെത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരേയും മേഖലയിലേക്ക് സ്വാഗതം ചെയ്യുന്നതായും എന്നാൽ സന്ദർശകർ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും അൽ ഹഫീത് പറഞ്ഞു.
പർവതപ്രദേശങ്ങളിലോ താഴ്വരകളിലോ എത്തുന്നവർ ജാഗ്രത പാലിക്കണം. കൃത്യമായ റൂട്ടുകളിൽ നിന്ന് മാറി സഞ്ചരിക്കാൻ ശ്രമിക്കരുത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ കമാൻഡ് സെന്ററിൽ 999 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.