യു.എ.ഇയിൽ പൊടിക്കാറ്റ് ശക്തം; ദുബൈയിലേക്കുള്ള 44 വിമാനങ്ങൾ റദ്ദാക്കി
കഴിഞ്ഞ രണ്ടുദിവസമായി യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്
ദുബൈ: യു.എ.ഇയിൽ തുടരുന്ന ശക്തമായ പൊടിക്കാറ്റ് വിമാന സർവീസുകളെ ബാധിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന 44 വിമാനങ്ങൾ റദ്ദാക്കി. 12 വിമാനങ്ങൾ ജബൽ അലിയിലെ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. ദുബൈ വിമാനത്താവളം വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്. ദൂരക്കാഴ്ച നന്നേ കുറഞ്ഞതോടെ ദുബൈയിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായി. ഇന്നലെ വൈകുന്നേരം മുതൽ ഇന്ന് പുലർച്ചെവരെയുള്ള സർവീസുകളെയാണ് പൊടിക്കാറ്റ് കാര്യമായി ബാധിച്ചത്. ഇന്നലെ പകൽ സമയത്ത് പത്ത് വിമാനങ്ങളും റദ്ദാക്കിയിരുന്നു. പൊടിക്കാറ്റ് തുടരുന്നുണ്ടെങ്കിലും ദൂരക്കാഴ്ച മെച്ചപ്പെട്ടതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും അധികൃതർ പറഞ്ഞു.
എങ്കിലും യാത്ര പുറപ്പെടുന്നവർ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനകമ്പനികൾ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പല വിമാനങ്ങളെയും പൊടിക്കാറ്റ് ബാധിച്ചിരുന്നു. തങ്ങളുടെ പല സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്നും ചിലത് വൈകിയാണ് സർവീസ് നടത്തുന്നതെന്നും ഫ്‌ലൈദുബൈ അറിയിച്ചു.