യുഎഇയിൽ ശമ്പളത്തോടെ എത്ര ദിവസം പ്രസവാവധി എടുക്കാം ?
യുഎഇയിലെ സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് 60 ദിവസത്തെ പ്രസവാവധിയാണ് നിയമം ഉറപ്പ് നൽകുന്നത്. ശമ്പളത്തോടെയാണ് ഈ അവധി ലഭ്യമാവുക.
എന്നാൽ ഈ 60 ദിവസത്തിലെ 45 ദിവസം മാത്രമേ പൂർണ്ണ ശമ്പളത്തോടെയുള്ള അവധി അനുവദിക്കുകയൊള്ളു.
ബാക്കി വരുന്ന 15 ദിവസം പകുതി ശമ്പളത്തോടെയുള്ള അവധിയും ഇവർക്ക് എടുക്കാവുന്നതാണ്. ഇവയെല്ലാം ഔദ്യോഗിക വാർഷിക അവധിക്ക് പുറമേയായിരിക്കും ലഭിക്കുക.
അടിസ്ഥാന പ്രസവാവധിക്ക് പുറമേ, ഗർഭധാരണത്തിന്റെയോ പ്രസവത്തിന്റെയോ അനന്തര ഫലമായി അസുഖം അനുഭവിക്കുന്ന വനിതാ ജീവനക്കാർക്ക്, ജോലി പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, ശമ്പളമില്ലാതെ 45 ദിവസം അധിക അവധിക്കും അവകാശമുണ്ടായിരിക്കും.
ഇതിനായി അവർ ബന്ധപ്പെട്ട മെഡിക്കൽ അതോറിറ്റിയിൽ നിന്ന് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് കമ്പനിയിൽനിന്ന് പ്രത്യേകം അനുമതി കരസ്ഥമാക്കിയിരിക്കണം.