ഐസിഎഫ് സ്നേഹകേരളം കാമ്പയിൻ; നാളെ ഹാർമണി കോൺക്ലേവ് ഒരുക്കും
ഓൺലൈനിൽ നടത്തുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ദുബൈ: ഐസിഎഫ് ഗൾഫിൽ സംഘടിപ്പിക്കുന്ന സ്നേഹകേരളം കാമ്പയിന്റെ ഭാഗമായി നാളെ സുസ്ഥിരകേരളത്തിന്ടെ അടിത്തറ എന്ന വിഷയത്തിൽ ഹാർമണി കോൺക്ലേവ് സംഘടിപ്പിക്കും. ഓൺലൈനിൽ നടത്തുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഐ സി എഫ് യു എ ഇ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് ഹാർമണി കോൺക്ലേവിന്റെ വിശദാംശങ്ങൾ അറിയിച്ചത്. ജനുവരിയിൽ ആരംഭിച്ച സ്നേഹകേരളം കാമ്പയിന്റെ രണ്ടാംഘടത്തിന്റെ ഭാഗമാണ് ഹാർമണി കോൺക്ലേവ്. കാമ്പയിൻ മാർച്ച് 17 തുടരും.
നാളെ രാത്രി എട്ടേകാലിന് സൂം പ്ലാറ്റ്ഫോമിലാണ് സമ്മേളനം ഒരുക്കുക. പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് അദ്ധ്യക്ഷത വഹിക്കും. എസ് വൈ എസ് കേരള സ്റ്റേറ്റ് സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിഷയം അവതരിപ്പിക്കും.
ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തും. അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് വി പി കൃഷ്ണകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കറ്റ് വൈ എ റഹീം, റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി തുടങ്ങിയവർ പ്രസംഗിക്കും. ലോക കേരള സഭാംഗം ഐസിഎഫ് അന്താരാഷ്ട്ര വിദ്യാഭ്യാസ കാര്യ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി സമാപന പ്രസംഗം നടത്തും. ഭാരവാഹികളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് പരപ്പ, സലാം മാസ്റ്റർ കാഞ്ഞിരോട്-അബ്ദുല്‍ കരീം ഹാജി തളങ്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.