ഇന്ത്യ-യുഎഇ സമഗ്രകരാർ: ഗുണഭോക്താക്കളാകാൻ കേരളവും
കൈത്തറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ തീരുവയില്ലാതെ യു.എ.ഇയിൽ എത്തിക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് കൂടുതൽ വിദേശനാണ്യം ഉറപ്പാക്കും
ഷാര്‍ജ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാറിന്റെ ഗുണഫലം കേരളത്തിനും ലഭിക്കും. കൈത്തറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ തീരുവയില്ലാതെ യു.എ.ഇയിൽ എത്തിക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് കൂടുതൽ വിദേശനാണ്യം ഉറപ്പാക്കും. എന്നാൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ നടപടികൾ ഇക്കാര്യത്തിൽ ആവശ്യമാണെന്ന് വാണിജ്യ, വ്യവസായ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
ഈമാസം ഒന്ന് മുതലാണ് ഇന്ത്യ- യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രാബല്യത്തിൽ വന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ നിക്ഷേപവും കയറ്റിറക്കുമതിയും വിപുലപ്പെടുത്താൻ കരാർ പാതയൊരുക്കും. തീരുവയില്ലാതെ അസംഖ്യം ഉൽപന്നങ്ങൾ ഉദാരമായി കയറ്റുമതി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. കൈത്തറി ഉൾപ്പെടെ കേരളത്തിന്റെ തനത് ഉൽപന്നങ്ങളെ വിദേശ നാടുകളുമായി ബന്ധിപ്പിക്കാന്‍ യു.എ.ഇ ഇടത്താവളമായി മാറുമെന്ന മെച്ചം കൂടിയുണ്ട്.
പരമ്പരാഗത ഉൽപന്നങ്ങളുടെ കയറ്റുമതിയും ഇതിലൂടെ സജീവമാകും. കേരളത്തിന്റെ ഉൽപന്നങ്ങൾ കൂടുതലായി യു.എ.ഇ മുഖേന ലോക വിപണിയിലേക്ക് എത്തിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി അറിയിച്ചു.
ഇന്ത്യ, യു.എ.ഇ സാമ്പത്തിക കരാറിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങും എന്നാണ് ഗൾഫ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. കേന്ദ്ര സർക്കാറുമായി സഹകരിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം യു.എ. ഇ സന്ദർശിക്കുന്നതും ഗുണം ചെയ്യും. ഇരു രാജ്യങ്ങളുടെയും ചേംബറുകൾ തമ്മിൽ ഇതു സംബന്ധിച്ച ചർച്ചക്കും തുടക്കം കുറിച്ചിട്ടുണ്ട്.