ദുബൈയിലെ ഇന്ത്യൻ സ്കൂളുകൾ മികച്ച നിലവാരം പുലർത്തുന്നതായി റിപ്പോർട്ട്
കെ.എച്ച്.ഡി.എ റിപ്പോർട്ട് പ്രകാരം 78 ശതമാനം സ്കൂളുകളും മികച്ച നിലവാരം പുലർത്തുന്നവയാണ്
ദുബൈയിലെ ഇന്ത്യൻ സ്കൂളുകൾ മികച്ച നിലവാരം പുലർത്തുന്നതായി വിദ്യാഭ്യാസ അതോറിറ്റിയുടെ റിപ്പോർട്ട്. കെ.എച്ച്.ഡി.എ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 78 ശതമാനം സ്കൂളുകളും മികച്ച നിലവാരം പുലർത്തുന്നവയാണ്. 32 ഇന്ത്യൻ കരിക്കുലം സ്കൂളുകളിൽ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയുടെ പരിശോധനകളിൽ ഹൈ, വെരി ഹൈ എന്ന പട്ടികയിലാണ് 78 ശതമാനം ഇന്ത്യൻ സ്കൂളുകളും ഉൾപെടുന്നത്. 73 ശതമാനം സ്കൂകളുകളും ഗുഡ്, ബെറ്റർ വിഭാഗത്തിലുണ്ട്. ആറ് സ്കൂളുകൾ നിലവാരം മെച്ചപ്പെടുത്തി. മികച്ച വിഭാഗത്തിലുണ്ടായിരുന്ന രണ്ട് സ്കൂളുകൾ വളരെ മികച്ചത് എന്ന നിലയിലേക്ക് ഉയർന്നു. പ്രകടനം മോശമായിരുന്നു ഒരു സ്കൂൾ നിലവാരം മെച്ചപ്പെടുത്തി തൃപ്തികരം എന്ന വിഭാഗത്തിലെത്തി. മൂന്ന് സ്കൂളുകൾ തൃപ്തികരം എന്ന നിലയിൽ നിന്ന് മികച്ചത് എന്ന വിഭാഗത്തിലേക്ക് ഉയർന്നു.
നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട 85 ശതമാനം വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2019-20 വർഷങ്ങളിൽ ഇത് 74 ശതമാനമായിരുന്നു. ഈ വിഭാഗത്തിൽപെട്ട 5,254 വിദ്യാർഥികൾക്കും മികച്ച സൗകര്യം സ്കൂളുകൾ ഒരുക്കി. ഇംഗ്ലീഷ് ഭാഷയിൽ 84 ശതമാനം സ്കൂളുകളും നില മെച്ചപ്പെടുത്തി. നേരത്തെ ഇത് 75 ശതമാനമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.