റാസൽഖൈമയിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സർവീസ്
ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്ന നൂറാമത്തെ നഗരമാവുകയാണ് റാസൽഖൈമ
ദുബൈ: ഇൻഡിഗോ എയർലൈൻസ് യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നു. അടുത്തമാസം 22 മുതലാണ് ഇൻഡിഗോ മുംബൈക്കും റാസൽഖൈമക്കുമിടയിലെ സർവീസിന് തുടക്കമിടുന്നത്.
ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്ന നൂറാമത്തെ നഗരമാവുകയാണ് റാസൽഖൈമ. തങ്ങൾ നേരിട്ട് സർവീസ് ആരംഭിക്കുന്ന യു.എ.ഇയിലെ നാലാമത്തെ എമിറേറ്റാണ് റാസൽഖൈമയെന്നും ഇൻഡിഗോ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ്കുമാർ പറഞ്ഞു. ദുബൈ, അബൂദബി, ഷാർജ എന്നീ എമിറേറ്റുകളിലേക്ക് ഇൻഡിഗോ നേരത്തേ സർവീസ് നടത്തുന്നുണ്ട്.
ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവീസുകളുടെ കണക്കിൽ ഇരുപത്തിയാറാമത്തെ നഗരമാണ് റാസൽഖൈമ. റാക് വിമാനത്താവളം കൂടി പട്ടികയിലെത്തുന്നതോടെ മൊത്തം സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം നൂറ് തികയും. റാസൽഖൈമയിലേക്ക് വൻ ഡിമാൻഡ് നിലനിൽക്കുന്നുണ്ടെന്നും ഈവർഷം വിമാനയാത്രികരുടെ എണ്ണം കോവിഡിന് മുമ്പുള്ള കണക്കിലേക്ക് എത്തുമെന്നും അധികൃതർ പറഞ്ഞു.