ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി
മേഖലയിൽ സമാധാനം പുലരാൻ ഗസ്സ യുദ്ധത്തിന് അറുതി വേണമെന്ന് കൂടിക്കാഴ്ചയിൽ യു.എ.ഇ മന്ത്രി വ്യക്തമാക്കി
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനം പുലരാൻ ഗസ്സ യുദ്ധത്തിന് അറുതി വേണമെന്ന് കൂടിക്കാഴ്ചയിൽ യു.എ.ഇ മന്ത്രി വ്യക്തമാക്കി.
ദ്വിരാഷ്ട്ര പരിഹാരമാണ് അടിസ്ഥാനമായി സമഗ്ര സമാധാനം കൈവരിക്കാൻ വേണ്ടതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. മേഖലയിൽ സുസ്ഥിരതയും സമാധാനവും കൈവരിക്കാൻ ഇക്കാര്യത്തിൽ രാഷ്ട്രീയ ചർച്ചകൾ നടത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി. ഗസ്സയിലെ ജനങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ അടിയന്ത സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യു.എ.ഇ മന്ത്രി വ്യക്തമാക്കി.
ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന നിലപാടാണ് നെതന്യാഹു ഉൾപ്പെടെയുള്ളവർക്ക് മുമ്പാകെ യായിർ ലാപിഡ് നടത്തി വരുന്നത്. ബന്ദികളുടെ ബന്ധുക്കളുടെ വികാരം കൂടി കണക്കിലെടുത്തു വേണം ഇസ്രായേൽ മുന്നോട്ടു പോകാനെന്നും ഇസ്രായേൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നുണ്ട്.