ദുബൈയിൽ പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു; വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കും

വെള്ളക്കെട്ട്​ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലുള്ള പ്രതികരണ സമയം ഗണ്യമായി മെച്ചപ്പെടുത്തുകയാണ്​ ലക്ഷ്യം​.

Update: 2024-01-14 18:28 GMT
Advertising

ദുബൈ: കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ദുബൈ റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി സംയുക്ത പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. നൂറു കണക്കിന്​ നിരീക്ഷണ ക്യാമറകൾ, ഹീറ്റ്​ മാപ്പുകൾ, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ചാണ്​ പുതിയ കേന്ദ്രത്തിന്‍റെ പ്രവർത്തനം.

പ്രളയത്തെ തുടർന്നുള്ള ഗതാഗത തടസങ്ങൾ നേരിടുന്നതിനുള്ള അടിയന്തര പദ്ധതികൾ, രക്ഷാ പ്രവർത്തകരെ നിയോഗിക്കൽ, ആവശ്യമായ വിഭവങ്ങൾ​ അനുവദിക്കൽ തുടങ്ങിയവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയാണ്​ പുതിയ കേന്ദ്രത്തിന്‍റെ ചുമതല. വെള്ളക്കെട്ട്​ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലുള്ള പ്രതികരണ സമയം ഗണ്യമായി മെച്ചപ്പെടുത്തുകയാണ്​ ലക്ഷ്യം​.

മെച്ചപ്പെട്ട കാലാവസ്ഥ പ്രവചന വിവരങ്ങൾ ശേഖരിച്ച്​ ലഭ്യമാക്കുന്നതിന്​ ആർ.ടി.എ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി സഹകരിച്ച്​ പ്രവർത്തിക്കും. ഇതുവഴി രക്ഷാ പ്രവർത്തകരെ ഒരുക്കുന്നതിനും പൊതു ജനങ്ങൾക്ക്​ അതിവേഗത്തിൽ മുന്നറിയിപ്പു നൽകുന്നതിനും സാധിക്കും. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള സമഗ്ര പ്രതികരണ പദ്ധതികൾ ഒരുക്കുന്നതിന്​ വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്​.

വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ തിരിച്ചറിയുന്നതിന്​ സഹായിക്കുന്ന സംവിധാനമാണ്​ ഹീറ്റ്​ മാപ്പുകൾ. കൂടാതെ റോഡുകളിലെ വലിയ സ്ക്രീനുകൾ വഴി വെള്ളക്കെട്ടിൽ ഗതാഗത തടസം നേരിടുന്ന റോഡുകളെ കുറിച്ച്​ ഡ്രൈവർമാർക്ക്​ മുന്നറിയിപ്പു നൽകും. 450 ക്യാമറകളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച്​ ലൈവായി സംപ്രേഷണം ചെയ്യാൻ ഈ സ്ക്രീനുകൾ സഹയാകമാണ്​.

വെള്ളം കെട്ടിനിൽക്കുന്ന 91 ശതമാനം പ്രദേശങ്ങളും റോഡുകളും തിരിച്ചറിയാൻ ഈ ക്യാമറകൾക്ക്​ കഴിയും. ദുരന്ത നിവാരണ സ്ഥലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ നിരീക്ഷിച്ച്​​ യഥാസമയം വിവരങ്ങൾ ആർ.ടി.എക്ക്​ കൈമാറാനുള്ള സംവിധാനമായ​ സിറ്റഡൽ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമും പുതിയ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്​.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News