കൗമാരക്കാരിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ മാതാപിതാക്കൾക്ക് നിർദ്ദേശങ്ങളുമായി ജുവനൈൽ പ്രോസിക്യൂഷൻ

മാതാപിതാക്കൾ കുട്ടികളുടെ ഇക്കാര്യങ്ങളിൽ അശ്രദ്ധരായിരുന്നുവെന്ന്തെ ളിഞ്ഞാൽ, അവർക്കെതിരേയും കുറ്റം ചുമത്തിയേക്കാം

Update: 2022-12-06 06:06 GMT
Advertising

കൗമാരക്കാർക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനാൽ അവരുടെ ദൈനംദിന കാര്യങ്ങളിൽ കൂടുതൽ ഇടപെടാനും ശ്രദ്ധചെലുത്താനും മാതാപിതാക്കൾ ശ്രമിക്കണമെന്ന് ദുബൈ ജുവനൈൽ പ്രോസിക്യൂഷൻ. കൂടാതെ അവരുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും മാതാപിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ വർഷം മാത്രം കൗമാരക്കാർ ഉൾപ്പെട്ട 162 കേസുകൾ കൈകാര്യം ചെയ്തതായും അതിൽ 241 കുട്ടികൾ ഉൾപ്പെട്ടിരുന്നുവെന്നും ദുബൈ ജുവനൈൽ പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചു.

കഴിഞ്ഞ വർഷത്തെ 138 കേസുകളുടേയും 201 കൗമാരക്കാരായ പ്രതികളുടേയും സ്ഥാനത്താണ് ഇത്. ഒരു വർഷം തികയാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ കഴിഞ്ഞ വർഷത്തേക്കാളും 17 ശതമാനം വർധനവാണ് കണക്കിൽ കാണിക്കുന്നത്.

കുറ്റകൃത്യം ചെയ്തവരിലധികവും 13 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്. കൂടുതലും ആൺകുട്ടികളായിരുന്നു, എന്നാൽ 20 പെൺകുട്ടികളും കുറ്റകൃത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. പരസ്പര വഴക്കുകൾ, ആക്രമണങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ, മയക്കുമരുന്ന് ഉപഭോഗം എന്നിവയാണ് ഇവർക്കിടയിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന കുറ്റകൃത്യങ്ങൾ.

ട്രാഫിക് കേസുകളിൽ അധികവും ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുറ്റത്തിനാണ് പിടിക്കപ്പെടുന്നതെന്ന് ദുബൈ അഡ്വക്കേറ്റ് ജനറലും ജുവനൈൽ പ്രോസിക്യൂഷന്റെ തലവനുമായ മുഹമ്മദ് അലി റസ്ത്തൂം പറഞ്ഞു.

ഈ വർഷം ഇതുവരെ, കൗമാരക്കാർ ഡ്രൈവിങ് നിയമലംഘനം നടത്തിയതിന്റെ പേരിൽ 38 കേസുകളാണെടുത്തിട്ടുള്ളത്. കുട്ടികൾക്ക് കാറിന്റെ താക്കോൽ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ട്രാഫിക് അപകടം കുറയ്ക്കാനുള്ള ഒരു മാർഗ്ഗമെന്ന് റസ്ത്തൂം പറയുന്നു.

പ്രായപൂർത്തിയാകാത്തവരും ലൈസൻസില്ലാതെയും വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെ സംബന്ധിച്ചും രക്ഷിതാക്കൾ കുട്ടികളെ ബോധവത്കരിക്കണം. മാതാപിതാക്കൾ കുട്ടികളുടെ ഇക്കാര്യങ്ങളിൽ അശ്രദ്ധരായിരുന്നുവെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞാൽ, അവർക്കെതിരേയും കുറ്റം ചുമത്തിയേക്കാം.

കൗമാരക്കാർ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ എട്ട് കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ അശ്രദ്ധയ്ക്കു പുറമേ, മോശം സുഹൃത്തുക്കളും കൂട്ടുകെട്ടുകളുമാണ് ഡ്രഗ്സ് കേസുകളുടെ അടിസ്ഥാന കാരണം.

മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കൗമാരക്കാർക്ക് നിർബന്ധമായും കൗൺസ്‌ലിങ് നൽകണം. മാതാപിതാക്കളോ മറ്റു ബന്ധുക്കളോ അതിന് തയാറാവണം.

'മൈ ചൈൽഡ് നോസ് ദ ലോ' എന്ന പദ്ധതി കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാനും ചുറ്റുപാടുകളിൽനിന്നുള്ള ഭീഷണികളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും സ്വയം പരിരക്ഷ നേടാനും അവരെ പ്രാപ്തരാക്കും.

ഈ പദ്ധതി പ്രകാരം, നിയമം എന്താണ് പറയുന്നതെന്ന് കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കും. കേസ് അന്വേഷണവും കോടതി നടപടികളും അവരെ പരിചയപ്പെടുത്തും, ഇതിലൂടെ അവരെ പലതിൽനിന്നും പിന്തിരിപ്പിക്കാൻ സാധിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News