കീം പരീക്ഷ ഇന്ന്; ദുബൈ കേന്ദ്രത്തിൽ 411 പേർ പരീക്ഷ എഴുതും
കേരളത്തിലെ എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിന് നടത്തുന്ന കീം പരീക്ഷ നാളെ ദുബൈയിലും നടക്കും. ഗൾഫിൽ ദുബൈയിൽ മാത്രമാണ് കീം പരീക്ഷക്ക് കേന്ദ്രമുള്ളത്.
ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൾ സ്കൂളാണ് ഗൾഫിലെ ഏക കീം പരീക്ഷാ കേന്ദ്രം. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി 440 പേരാണ് ദുബൈയിലെ കേന്ദ്രത്തിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 29 പേരിൽ നാട്ടിലേക്ക് കേന്ദ്രം മാറാൻ ആവശ്യപ്പെട്ടതിനാൽ 411 പേരാകും ദുബൈയിൽ പരീക്ഷയെഴുതുക.
യു.എ.ഇ സമയം രാവിലെ എട്ടരക്ക് ആരംഭിക്കുന്ന പരീക്ഷക്കായി വിദ്യാർഥികൾ രാവിലെ ഏഴിന് കേന്ദ്രത്തിൽ എത്തണം. സ്കൂൾ വളപ്പിലേക്ക് രക്ഷിതാക്കൾക്ക് പ്രവേശനം അനുവദിക്കില്ല. രാവിലെ എട്ടര മുതൽ പതിനൊന്ന് വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും, ഉച്ചക്ക് ഒന്ന് മുതൽ മൂന്നര വരെ മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. പരീക്ഷക്കെത്തുന്നവർ ഭക്ഷണവും വെള്ളവും കൂടെ കരുതണം. പരീക്ഷ അവസാനിക്കുന്നതിന് 15 മിനിറ്റ് മുമ്പ് രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുപോകാൻ എത്തണമെന്നും അധികൃതർ നിർദേശിച്ചു. പരീക്ഷക്ക് മേൽനോട്ടം വഹിക്കാൻ ആറ് ഉദ്യോഗസ്ഥർ കേരളത്തിൽ നിന്ന് എത്തിയിട്ടുണ്ട്.