ദുരിതബാധിതർക്ക് തുണയായി കെ.എം.സി.സി; മുക്കാൽ ലക്ഷം ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ കൈമാറും
പുതിയ പുതപ്പുകളും വസ്ത്രങ്ങളും ഉൾപ്പെടെ വൻതോതിലുള്ള ഉൽപ്പന്നങ്ങളാണ് ലഭിച്ചത്.
ദുബൈ: ഭൂകമ്പം നാശം വിതച്ച തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ സമാഹരിച്ച് മലയാളി കൂട്ടായ്മയായ കെ.എം.സി.സി. 'ചേർത്തു പിടിക്കാം ദുരിത ബാധിതരെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിഭവസമാഹരണം നടന്നത്. യു.എ.ഇ റെഡ്ക്രസൻറുമായി സഹകരിച്ചാണ് ജീവകാരുണ്യ പ്രവർത്തനം.
ഷാർജ കാസർകോട് മണ്ഡലം കെ.എം.സി.സിയാണ് ദുരിതബാധിതർക്ക് പിന്തുണയുമായി രംഗത്തുവന്നത്. മുക്കാൽ ലക്ഷത്തോളം ദിർഹത്തിന്റെ മരുന്നുകളും മറ്റു അവശ്യ സാധനങ്ങളും സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പുതിയ പുതപ്പുകളും വസ്ത്രങ്ങളും ഉൾപ്പെടെ വൻതോതിലുള്ള ഉൽപ്പന്നങ്ങളാണ് ലഭിച്ചത്. സമാഹരിച്ച ഉൽപ്പന്നങ്ങൾ ദുരിതം വിതച്ച രാജ്യങ്ങളിലേക്കെത്തിക്കാൻ ജില്ലാ കമ്മിറ്റി സാരഥികളുടെ സാന്നിധ്യത്തിൽ സംസ്ഥാന കെ.എം.സി.സി മുഖേനയാകും അധികൃതർക്ക് കൈമാറുക. യുവ സംരംഭകൻ ഷെഹീൻ മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലാണ് കെ.എം.സി.സി വിഭവ സമാഹരണം നടത്തിയത്.