'കെ.എം.സി.സി പ്രസിഡന്റ് താൻ തന്നെ'; ലീഗിന് തലവേദനയായി ഇബ്രാഹിം എളേറ്റിൽ
സസ്‌പെൻഷൻ അംഗീകരിക്കുന്നതായും എളേറ്റിൽ പറഞ്ഞു.
മുസ്ലീം ലീഗിൽനിന്നും കെ.എം.സി.സിയിൽനിന്നും പുറത്താക്കിയ ഇബ്രാഹിം എളേറ്റിലിനെ പൂർണമായി തള്ളാനും സ്വീകരിക്കാനും കഴിയാതെ നേതൃത്വം. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നുൾപ്പെടെ ലീഗ് നേതൃത്വം എളേറ്റിലിനെ പുറത്താക്കിയിരുന്നത്.
എന്നാൽ കെ.എം.സി.സിയുടെ പേരിൽ ഇന്ന് ദുബൈയിൽ വാർത്തസമ്മേളനം വിളിച്ചുചേർത്ത് എളേറ്റിൽ എതിർവിഭാഗത്തെ ധർമസങ്കടത്തിലാക്കി. ഷാർജ പുസ്തകോത്സവത്തിൽ കെ.എം.സി.സി സ്റ്റാൾ ഒരുക്കിയതും എളേറ്റിലാണ്. ദുബൈ കെ.എം.സി.സിക്ക് സർക്കാർ ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിലും എളേറ്റിൽ പങ്കെടുത്തു. കെ.എം.സി.സി സി.ഡി.എ ഡയരക്ടർ ബോർഡ് പ്രസിഡന്റ് എന്ന പേരിലാണ് എളേറ്റിൽ കെ.എം.സി.സിയിൽ മാറ്റമില്ലാതെ തുടരുന്നത്.
യു.എ.ഇയിൽ സംഘടനകൾക്ക് അനുമതി നൽകുന്ന സംവിധാനമാണ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ). അവരുടെ പക്കലുള്ള രേഖകളിൽ ഇപ്പോഴും പ്രസിഡന്റായി എളേറ്റിലിന്റെ പേരാണുള്ളത്. ഇതിനെ നിരാകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മറുവിഭാഗവും ലീഗ് നേതൃത്വവും.
ഒക്ടോബർ 15നാണ് ഇബ്രാഹിം എളേറ്റിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. അച്ചടക്ക വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. 'ചന്ദ്രിക' ദിനപത്രത്തിലൂടെ വിവരം പ്രഖ്യാപിച്ചെങ്കിലും പാർട്ടി ഓഫീസിൽ എളേറ്റിൽ സ്ഥിരമായി എത്തുന്നുണ്ട്.
ലീഗധ്യക്ഷൻ സ്വാദിഖലി തങ്ങൾ ദുബൈ സന്ദർശിച്ചെങ്കിലും എളേറ്റിലുമായി ചർച്ചയൊന്നും നടത്തിയിട്ടില്ല. കൂടാതെ കെ.എം.സി.സിയുടെ മറ്റു നേതാക്കൾക്കൊപ്പം സംഘടനയ്ക്കുള്ള ഭൂമി കൈമാറ്റ ചടങ്ങിൽ എളേറ്റിൽ സജീവമായി പങ്കെടുത്തത് ഔദ്യോഗിക നേതൃത്വത്തിന് ക്ഷീണമായി.
കെ.എം.സി.സി ഡയരക്ടർമാരായ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്തഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സസ്‌പെൻഷൻ അംഗീകരിക്കുന്നതായി എളേറ്റിൽ
മുസ്ലീം ലീഗ് നേതൃത്വത്തിന്റെ സസ്‌പെൻഷൻ താൻ അംഗീകരിക്കുന്നതായും എന്നാൽ, ദുബൈ കെ.എം.സി.സി സി.ഡി.എ ഡയരക്ടർ ബോർഡിന്റെ പ്രസിഡന്റ് നിലവിൽ താൻ തന്നെയാണെന്നും ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ നിയമത്തിന് അനുസൃതമായി മാത്രമേ സംഘടനയ്ക്ക് പ്രവർത്തിക്കാൻ കഴിയു. കെ.എം.സി.സി രജിസ്റ്റർ ചെയ്തത് ദുബൈയിലെ കമ്യൂനിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയിലാണ്. താൻ തന്നെയാണ് ഇപ്പോഴും പ്രസിഡന്റ്. മെംബർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കിയാൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇബ്രാഹിം എളേറ്റിൽ കൂട്ടിച്ചേർത്തു.