ലീഗ് പ്ലാറ്റിനം ജൂബിലി ചരിത്രത്തെ പരിഹാസ്യമാക്കി: കാസിം ഇരിക്കൂർ
കാലഹരണപ്പെട്ട കോൺഗ്രസിന്റെ തടവിലാണ് ലീഗ് ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് സമ്മേളനത്തിന്റെ ചർച്ചയും പ്രമേയവുമെന്നും ഇരിക്കൂർ
ദുബൈ: ഏറെ കൊട്ടിഘോഷിച്ചു നടത്തിയ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ചരിത്രത്തെ പരിഹാസ്യമാക്കാനേ ഉപകരിച്ചുള്ളൂവെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
"ലീഗ് ഇന്ന് മലബാറിൽ ഒതുങ്ങുന്ന ഒരു കൊച്ചു പാർട്ടിയാണെന്നും 75 വർഷം കൊണ്ട് ഒരിഞ്ച് വളരാൻ സാധിച്ചിട്ടില്ലെന്നും ചെന്നൈ സംഗമം തെളിയിച്ചു. മലപ്പുറത്തു നിന്നുള്ള നേതാക്കളെ കൊണ്ട് നിറഞ്ഞ വേദി ലീഗിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമായിരുന്നു.
1948 മാർച്ച് 10ന്റെ ലീഗ് രൂപീകരണ സമ്മേളനത്തിൽ 14 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച 51 നേതാക്കളാണ് പങ്കെടുത്തതെങ്കിൽ 75 വർഷത്തിന് ശേഷം 5
സംസ്ഥാനങ്ങളിൽ പോലും ലീഗില്ല എന്ന് വ്യക്തമാക്കുന്നതായി ജൂബിലി വേദി. മലപ്പുറത്ത് എവിടെയെങ്കിലും രാജാജി ഹാളിന്റെ സെറ്റിട്ട് പരിപാടി നടത്തിയിരുന്നുവെങ്കിൽ ചരിത്രത്തിന്റെ അവഹേളനം ഒഴിവാക്കാമായിരുന്നു".
കാലഹരണപ്പെട്ട കോൺഗ്രസിന്റെ തടവിലാണ് ലീഗ് ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് സമ്മേളനത്തിന്റെ ചർച്ചയും പ്രമേയവുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.