ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'എജുകഫേ' വിദ്യാഭ്യാസമേള തുടരുന്നു
ഭാവിയുടെ വിദ്യാഭ്യാസത്തിലേക്കും കരിയറിലേക്കും വിരൽചൂണ്ടുന്നതായിരുന്നു എജുകഫെയിൽ രണ്ടാം ദിനം നടന്ന സെഷനുകൾ.
ദുബൈ: ഷാർജ എക്‌സ്‌പോ സെന്ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജുകഫേ വിദ്യാഭ്യാസ മേളയിലേക്ക് രണ്ടാം ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ ഒഴുകിയെത്തി. നാലുദിവസം നീളുന്ന മേള ഈമാസം 22 ന് സമാപിക്കും. ഭാവിയുടെ വിദ്യാഭ്യാസത്തിലേക്കും കരിയറിലേക്കും വിരൽചൂണ്ടുന്നതായിരുന്നു എജുകഫെയിൽ രണ്ടാം ദിനം നടന്ന സെഷനുകൾ.
'നിങ്ങളുടെ ഭാവിയെ രൂപപ്പെടുത്തുക' എന്ന വിഷയത്തിൽ ജോബ് ഗൈഡൻസ് ആൻഡ് കരിയർ ഡവലപ്‌മെന്റ് ട്രെയ്‌നർ കാസിം പുത്തൻപുരക്കൽ കുട്ടികളുമായി സംവദിച്ചു. ഗാർഡൻ സിറ്റി യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. വി.ജി ജോസഫ് 'എങ്ങനെ നല്ലൊരു വിദ്യാർഥിയാകാം' എന്ന വിഷയത്തിലാണ് സംസാരിച്ചത്. ഫാമിലി കൗൺസിലറും സ്‌പെഷ്യൽ എജുക്കേറ്ററുമായ നാദിറ ജാഫറും ക്ലാസെടുത്തു. വിദ്യഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സദ്ഭാവന ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.ഇ ഹരീഷ് സംസാരിച്ചു.
ഇന്ന് ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആൺകുട്ടികൾക്കായിരുന്നു അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലേക്ക് പ്രവേശനം നൽകിയത്. നാളെയും മറ്റന്നാളും കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മേളയിലെത്താം. വെള്ളിയും ശനിയും വൈകുന്നേരം മൂന്നു മുതൽ രാത്രി ഒമ്പത് വരെയാണ് എജുകഫേ സന്ദർശകരെ വരവേൽക്കുക.