മഹാ അല്‍ ഫലാസി; സഹജീവി സ്നേഹം നിറവേറ്റാന്‍ ആംബുലന്‍സ് സ്റ്റിയറിങ് തിരിക്കുന്ന പാരാമെഡിക്ക്

ആംബുലന്‍സ് ഓടിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അല്‍ ഫലാസി പറയുന്നു

Update: 2022-06-22 08:14 GMT
Advertising

ഷാര്‍ജ: സഹജീവികളോടുള്ള കടമയും മനുഷ്യ സ്നേഹവും പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആരോഗ്യമേഖലയോളം മികച്ച മറ്റൊന്നില്ല. അതുകൊണ്ടാണ് പാരാമെഡിക്കായ മഹാ സയീദ് അല്‍ ഫലാസി തന്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞപ്പോള്‍ ആംബുലന്‍സ് ഡ്രൈവിങ് സീറ്റിലിരുന്ന് രോഗികള്‍ക്കാവശ്യമായ സഹായങ്ങളെത്തിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

രാവിലെ ഏഴ് മണിക്ക് തന്നെ ആംബുലന്‍സ് താക്കോല്‍ കൈയിലെടുത്താണ് തന്റെ ദൈനംദിന പരിപാടികള്‍ ആരംഭിക്കുന്നത്. ആംബുലന്‍സ് ഓടിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അല്‍ ഫലാസി പറയുന്നു. മാനുഷിക കടമയെന്ന നിലക്ക് ഓരോ ദിവസം കഴിയുന്തോറും ആംബുലന്‍സ് ജോലി തനിക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതായും അവര്‍ പറയുന്നു.

ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും പിന്തിരിയാതെ അവ ചാടിക്കടക്കാന്‍ തയാറായ ഫലാസി, ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് നാഷണല്‍ ആംബുലന്‍സ് പ്രോഗ്രാമിന്കീഴില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേഖലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയത്. കോഴ്സ് പൂര്‍ത്തീകരിച്ചതോടെയാണ് ഫലാസി അവളുടെ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്.

പാരാമെഡിക്കുകള്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെയും അവയിലൂടെ രോഗികള്‍ക്ക് ലഭിക്കുന്ന ആശ്വാസവും കണ്ട് മനസ് നിറഞ്ഞതോടെ ഈ ജോലിയോടുള്ള ഇഷ്ടം വര്‍ധിക്കുകയായിരുന്നു.

2019ല്‍ നാഷണല്‍ ആംബുലന്‍സില്‍ ചേര്‍ന്ന അവര്‍, ഭരണതലത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തിനും ജീവനക്കാര്‍ക്കനുയോജ്യമായ അന്തരീക്ഷം മികച്ച രീതിയില്‍ ഒരുക്കിക്കൊടുത്തതിനും നന്ദി പറയുകയാണിപ്പോള്‍.

എമിറേറ്റിലെ ആരോഗ്യപ്രതിരോധ സേനയിലെ മുന്‍നിര പോരാളികളിലൊരാളായതിലെ സന്തോഷവും അഭിമാനവും അവര്‍ മറച്ചുവക്കുന്നില്ല. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഇമിറാത്തി സ്ത്രീകള്‍ക്ക് ഭരണകൂടം നല്‍കുന്ന പരിധിയില്ലാത്ത പിന്തുണയെയും അവര്‍ പ്രകീര്‍ത്തിക്കുകയാണ്. താനടങ്ങിയ സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ സുരക്ഷയ്ക്കായി ഏതു സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാനും ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിക്കുന്നു.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ലഭിക്കുന്ന പരിശീലന കോഴ്‌സുകളും നിര്‍ദ്ദേശങ്ങളും എല്ലാ പാരാമെഡിക്കുകളെയും തൊഴില്‍ മേഖലയില്‍ കൂടുതല്‍ നവീകരിക്കാന്‍ സഹായിക്കുന്നുണ്ട്. ഇതിലൂടെ അപകടങ്ങളില്‍പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും മികച്ച മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നതായും അവര്‍ പറയുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഏറ്റവും മികച്ചത് നേടണമെന്നാഗ്രഹിച്ചതിനാലാണ് എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യന്‍ (പാരാമെഡിക്) തൊഴിലായി തിരഞ്ഞെടുത്തത്.

ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ക്ഷമയും സ്ഥിരോത്സാഹവും താന്‍ നേരിട്ട പ്രയാസങ്ങളെ അതിജീവിക്കാന്‍ സഹായിച്ചു. കുടുംബവും വലിയ പ്രോത്സാഹനവും പിന്തുണയുമാണ് ഇവര്‍ക്ക് നല്‍കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ യോഗ്യതയുള്ള എല്ലാ യുവതികളും യുവാക്കളും ദേശീയ ആംബുലന്‍സിന്റെ ഭാഗമാകണമെന്നാണ് ഫലാസി അഭിപ്രായപ്പെടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News