പച്ച പുതച്ച് മരുഭൂമി; ഷാർജയിലെ ഗോതമ്പ് ഫാമിൽ തളിരിലകൾ വിരിഞ്ഞു
അടുത്ത രണ്ട് മാസത്തിനുള്ളിൽ വിളവെടുപ്പ് നടത്തും
മരുഭൂമിയെ സമ്പുഷ്ട കൃഷിയിടമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഷാർജയിൽ ആരംഭിച്ച ഗോതമ്പ് ഫാം മുഴുവൻ തളിരിലകൾ വിരിഞ്ഞ് പച്ചപുതച്ചു. മരുഭൂമിയിലെ അപൂർവ കാഴ്ചക്ക് വഴിയൊരുക്കിയ ഈ പദ്ധതി, ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് കഴിഞ്ഞ നവംബറിൽ വിത്ത് പാകി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ ആദ്യ ഘട്ടം 400 ഹെക്ടർ ഭൂമിയിലാണ് വ്യാപിച്ച് കിടക്കുന്നത്. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയാണ് ഷാർജ ഭരണാധികാരി മ്ലീഹയിലെ ഫാം സന്ദർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിളകളുടെ വളർച്ചാ ഘട്ടം വിശദീകരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് നടത്തും. 2024ഓടെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൃഷി 880 ഹെക്ടറായി വികസിപ്പിക്കും. 2025 ഓടെ ഇത് 1,400 ഹെക്ടറിലേക്കും വ്യാപിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. അത്യാധുനിക കൃഷി രീതികളുപയോഗിച്ചാണ് മണൽക്കാട്ടിൽ ഇത്തരമൊരു സ്വപനഭൂമി അധികാരികളുടെ തന്നെ മേൽനോട്ടത്തിൽ വിളയിച്ചെടുത്തിരിക്കുന്നത്.