മലയാളി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിനെ ഷാര്‍ജയില്‍ ആദരിച്ചു
വേള്‍ഡ് ആര്‍ട്ട് ദുബൈയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയ മലയാളി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിനെ ഷാര്‍ജയില്‍ ആദരിച്ചു. കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ യു.എ.ഇ കുടുംബ സംഗമത്തിലായിരുന്നു ആദരം.
വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന വേള്‍ഡ് ആര്‍ട്ട് ദുബൈയില്‍ ശ്രദ്ധേയനായ മലയാളി കലാകാരന്‍ എന്ന നിലക്കാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡാവിഞ്ചി സുരേഷിനെ ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടന്ന കുടുംബ സംഗമത്തില്‍ ആദരിച്ചത്.
കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ മീഡിയവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന്‍, അര്‍ബുദത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച് മാതൃകകാട്ടിയ ഹുസൈന്‍ വൈപ്പിപാടത്ത്, കുടുംബാഗംങ്ങളുടെ ആകസ്മിക വിയോഗത്തിലും നെഞ്ചുറപ്പോടെ ജീവിതത്തെ നേരിട്ട സനൂബ എന്നിവരെയും കൂട്ടായ്മ ആദരിച്ചു. വി.ഐ സലീം, മെഹ്ബൂബ് മാട്ടി, അഡ്വ. ബക്കറലി, ഷിനോജ് ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ കൈമാറി. സംഗമത്തില്‍ പങ്കെടുത്തവരുടെ കാരിക്കേച്ചറുകള്‍ വരച്ച ഡാവിഞ്ചി സുരേഷ്, കലാമത്സരങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അസ്മാബി കോളജ് അലൂംനി ഭാരവാഹികളായ അഡ്വ. ബക്കറലി, ഉപമന്യൂ, ദാവൂദ് പടിയത്ത്, ഷക്കീല്‍, നിഷാദ്, രാജീവ്, ഇസ്ഹാഖലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.