'പിതാവിന്‍റെ കാമുകി പീഡിപ്പിക്കുന്നു, ഉമ്മയുടെ അരികിലേക്ക് മടങ്ങണം' പൊലീസിൽ അഭയം തേടി ഷാർജയിലെ മലയാളി വിദ്യാർഥികൾ
നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താൻ സഹായം ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്. എന്നാൽ, നാലുവർഷമായി വിസയില്ലാതെ കഴിയുന്ന ഇവർക്ക് നാട്ടിലേക്ക് പോകാൻ 60,000 ദിർഹത്തോളം പിഴയടക്കണം
പിതാവിന്‍റെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി വിദ്യാർഥികൾ ഷാർജയിൽ പൊലീസിൽ അഭയം തേടി. നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താൻ സഹായം ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്. എന്നാൽ, നാലുവർഷമായി വിസയില്ലാതെ കഴിയുന്ന ഇവർക്ക് നാട്ടിലേക്ക് പോകാൻ 60,000 ദിർഹത്തോളം പിഴയടക്കണം. വർഷങ്ങളായി ഇവരുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. പൊലീസിന്‍റെ നിർദേശപ്രകാരം സാമൂഹിക പ്രവർത്തകുടെ സംരക്ഷണയിലാണ് വിദ്യാർഥികളിപ്പോൾ.
ഷാർജയിൽ ജനിച്ചുവളർന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാൾക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോൾ നാട്ടിലാണ് താമസം. മതാവിന്‍റെ തന്നെ സഹോദരിയാണ് പിതാവിന്‍റെ കാമുകിയായി എത്തിയതെന്നും ഇതാണ് തങ്ങളുടെ ജീവിതം തകിടം മറിച്ചതെന്ന് കുട്ടികള്‍ പറയുന്നു.
ഒരാളുടെ പഠനം എട്ടാംക്ലാസിൽ മുടങ്ങി. മറ്റൊരാളുടേത് അഞ്ചാം ക്ലാസിൽ മുടങ്ങി കിടക്കുന്നു. നാലുവർഷമായി വിസയില്ല, പാസ്പോർട്ടും കാലാവധി തീരാനായി. ചുട്ടുപൊള്ളുന്ന ഈ വേനൽകാലത്ത് എസി പോലും ഇല്ലാത്ത മുറിയിലാണ് പിതാവ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. രോഗങ്ങൾ അലട്ടുന്ന കുട്ടികൾക്ക് ചികിത്സ കിട്ടാറില്ല. ദുരിതങ്ങൾക്ക് പുറമെ പീഡനം കൂടി സഹിക്കാതായതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും ഹാജരാക്കാൻ പൊലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിനൊപ്പം പോകാൻ വിസമ്മതിച്ചതിനാൽ പൊലീസ് ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്‍റെയും പ്രവർത്തകരെയാണ് കുട്ടികളെ ഏൽപിച്ചിരിക്കുന്നത്.