യു.എ.ഇയിൽ സ്വദേശിവത്കരണം ഊർജ്ജിതം; നിയമനവും പരിശീലനവും വേഗത്തിലാക്കി
50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾക്ക് നിയമം ബാധകം
യു.എ.ഇയിൽ സ്വദേശിവത്കരണം കർശനമാക്കിയതോടെ ഇമാറാത്തികളുടെ നിയമനവും പരിശീലനവുമെല്ലാം ത്വരിതഗതിയിലാക്കിയിരിക്കുകയാണ് സ്വകാര്യ സ്ഥാപനങ്ങൾ.
ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ച സ്വദേശിവത്കരണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാത്ത കമ്പനികൾക്കെതിരെ ഫൈൻ ഈടാക്കി തുടങ്ങിയതോടെയാണ് സ്വദേശികളുടെ നിയമനത്തിന് സ്വകാര്യ കമ്പനി ഉടമകൾ നിർബന്ധിതരായിരിക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളും സ്വദേശികളെ നിയമിക്കുന്ന തിരക്കിലാണ്.
2022 അവസാനത്തോടെ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ അവരുടെ ജീവനക്കാരുടെ എണ്ണത്തിന്റെ രണ്ട് ശതമാനമാണ് സ്വദേശികൾക്കായി മാറ്റിവക്കേണ്ടിയിരുന്നത്. ഇത് പൂർത്തിയാക്കാത്തവർക്കെതിരെ പിഴ ചുമത്തിത്തുടങ്ങിയിട്ടുമുണ്ട്.
2023 അവസാനത്തോടെ ഇത് ഇരട്ടിയാക്കി നാല് ശതമാനമാക്കി ഉയർത്തിയിട്ടുമുണ്ട്. ആവശ്യമായ എണ്ണം സ്വദേശികളെ നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രതിമാസം 6,000 ദിർഹമാണ് പിഴ അടയ്ക്കേണ്ടി വരുന്നത്. 2026 ഓടെ സ്വദേശിവത്കരണ തോത് 10 ശതമാനമായി ഉയർത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.