യു.എ.ഇയില്‍ ഇന്‍ഡോര്‍ പരിപാടികളില്‍ മാസ്‌ക് കര്‍ശനമാക്കി; നിയമം ലംഘിച്ചാല്‍ 3000 ദിര്‍ഹം പിഴ
ഗ്രീന്‍ സ്റ്റാറ്റസ് കാലാവധി ഒരുമാസത്തില്‍നിന്ന് രണ്ടാഴ്ചയാക്കി ചുരുക്കി
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇയില്‍ ഇന്‍ഡോര്‍ പരിപാടികള്‍ക്കും മറ്റും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. നിയമലംഘകര്‍ക്ക് മൂവായിരം ദിര്‍ഹം പിഴയിടുമെന്നും കര്‍ശന മുന്നറിയിപ്പുണ്ട്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുകയാണ്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ജൂണ്‍ 15 മുതല്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കാനുള്ള പി.സി.ആര്‍ പരിശോധനാ കാലാവധിയും കുറച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് പദവി ഇനി രണ്ടാഴ്ച്ച മാത്രമെ ലഭിക്കുകയൊള്ളു. ഇതുവരെ ഇവര്‍ക്ക് ഒരു മാസത്തെ ഗ്രീന്‍ സ്റ്റാറ്റസ് പദവി ലഭിച്ചിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ ഗ്രീന്‍ സ്റ്റാറ്റസ് പദവി നിലനിറുത്താന്‍ സാധിക്കുകയൊള്ളു.
യു.എ.ഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ജൂണ്‍ 15 ബുധനാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ അബൂദബിയിലെ മിക്ക പൊതു സ്ഥലങ്ങളിലേക്കും ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നൊള്ളു.