മീഡിയവൺ സംപ്രേഷണ വിലക്ക്: നിയമപോരാട്ടത്തിന് ഗൾഫ് പ്രവാസികളുടെ പിന്തുണ
മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്‍റെ വീഡിയോ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം
സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നടത്തുന്ന നിയമപോരാട്ടത്തിന് ഗൾഫ് പ്രവാസികളുടെ പിന്തുണ. ദുബൈയിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ നീതി പുലരും വരെ മീഡിയവണിന് ഒപ്പമുണ്ടാകുമെന്ന് പ്രവാസികൾ പ്രതിഞ്ജയെടുത്തു. പ്രവാസി സംയുക്തവേദിയാണ് ഐക്യദാർഢ്യ സംഗമം ഒരുക്കിയത്. മാധ്യമ സ്വാതന്ത്യം ഉയർത്തിപ്പിടിക്കാനും, ജനാധിപത്യം സംരക്ഷിക്കാനും വേണ്ടി സംപ്രേഷണ വിലക്ക് പിൻവലിക്കുന്നത് വരെ മീഡിയവണിന്‍റെ നിയമപോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാവുമെന്ന് പ്രവാസി സമൂഹം പ്രഖ്യാപിച്ചു.
മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്‍റെ വീഡിയോ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. പരിഷ്കൃത സമൂഹത്തിന് നിർബന്ധമായും ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സംപ്രേഷണ വിലക്കെന്ന് യോഗത്തിൽ അധ്യക്ഷ വഹിച്ച ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണി പറമ്പിൽ പറഞ്ഞു. മലയാള മനോരമ ദുബൈ ബ്യൂറോ ചീഫും കെ.യു.ഡബ്ല്യൂ.ജെ മിഡിലീസ്റ്റ് പ്രസിഡന്‍റുമായ രാജു മാത്യൂ, റേഡിയോ ഏഷ്യ പ്രോഗ്രാം മേധാവി രമേശ് പയ്യന്നൂർ, ജയ്ഹിന്ദ് മിഡിലീസ്റ്റ് ന്യൂസ് ഹെഡ് എൽവിസ് ചുമ്മാർ, മിഡിലീസ്റ്റ് ചന്ദ്രിക റസിഡന്‍റ് എഡിറ്റർ ജലീൽ പട്ടാമ്പി, ഗോൾഡ് എഫ്.എം ന്യൂസ് എഡിറ്റർ റോയ് റാഫേൽ എന്നിവർ മാധ്യമങ്ങളുടെ ഐക്യദാർഢ്യം രേഖപ്പെടുത്തി.
സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് കെ.എം.സി.സി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ, ജന. സെക്രട്ടറി അൻവർ നഹ, ഇൻകാസ് പ്രസിഡന്‍റ് മഹാദേവൻ, ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി, സാമൂഹിക സാംസ്കാരിക പ്രവർത്തകരായ അബ്ദുൽ വാഹിദ് മയ്യേരി, ഇ കെ ദിനേശൻ, ഷൗക്കത്തലി ഹുദവി, കുഞ്ഞാവുട്ടി എ ഖാദർ, ഡോ. കാസിം, അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പളി, അഡ്വ. ഷാജി, പോൾ ജോസഫ്, ഷീല പോൾ, മനാഫ് എടവനക്കാട്, മസ്ഹറുദ്ദീൻ, മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ്, മിഡിലീസ്റ്റ് വാർത്താവിഭാഗം മേധാവി എം.സി.എ നാസർ തുടങ്ങിയവർ സംസാരിച്ചു. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി പരിപാടി നിയന്ത്രിച്ചു. അബുലൈസ് സ്വാഗതവും ഡോ. അബ്ദസലാം ഒലയാട്ട് നന്ദിയും പറഞ്ഞു.