മീഡിയവൺ സ്റ്റാർഷെഫ് പാചക മത്സര ജേതാക്കളെ പ്രഖ്യാപിച്ചു
എറണാകുളം സ്വദേശിയായ നസീബ സ്റ്റാർഷെഫ് പട്ടം സ്വന്തമാക്കി
ഷാർജ: മീഡിയവൺ ഷാർജയിൽ സംഘടിപ്പിച്ച സ്റ്റാർഷെഫ് പാചക മൽസരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു.രുചികൂട്ടുകൾ, വാശിയോടെ മാറ്റുരച്ച മൽസരത്തിൽ എറണാകുളം സ്വദേശി നസീബ രണ്ടാം സീസണിലെ സ്റ്റാർഷെഫായി തെരഞ്ഞെടുക്കപ്പെട്ടു.
ഗൾഫിലെ പാചക പ്രതിഭകളെ കണ്ടെത്താൻ മീഡിയവൺ ഷാർജ സഫാരി മാളിൽ ഒരുക്കിയ സ്റ്റാർഷെഫ് മൽസരത്തിന്റെ പല ഘട്ടങ്ങൾ പിന്നിട്ട് ഗ്രാൻഡ് ഫിനാലേയിലെത്തിയ പത്ത് മൽസരാർഥികളെ പിന്തള്ളിയാണ് എറണാകുളം സ്വദേശിയായ നസീബ സ്റ്റാർഷെഫ് പട്ടം സ്വന്തമാക്കിയത്.
5000 ദിർഹം കാഷ് പ്രൈസ് ഉൾപ്പെടെയാണ് സമ്മാനങ്ങൾ. കാസർകോട് സ്വദേശി ഫസീല ഉസ്മാൻ രണ്ടാം സ്ഥാനം നേടി.ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക പുരുഷ മൽസരാർഥി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദീപക് ശരത്ത് മൂന്നാം സ്ഥാനം നേടി.ഇവർക്ക് യഥാക്രമം 3000 ദിർഹത്തിന്റെയും, 2000 ദിർഹത്തിന്റെയും കാഷ് പ്രൈസ് സമ്മാനിച്ചു.
കുട്ടികൾക്കായി സംഘടിപ്പിച്ച ജൂനിയർ ഷെഫ് മൽസരത്തിൽ കോഴിക്കോട് സ്വദേശി അഹമ്മദ് യസാൻ ഒന്നാമത് എത്തി.പാചകരംഗത്തെ കൂട്ടുകെട്ടുകൾക്കായി സംഘടിപ്പിച്ച ടേസ്റ്റി സ്ക്വാഡ് മൽസരത്തിൽ അബൂദബിയിൽ നിന്നെത്തിയ ജൻസീർ, ജസീല, മജിനാസ്, ഫിറോസ് എന്നിവരുടെ ക്രിയേറ്റീവ് ഷെഫ്സ് എന്ന ടീം ഒന്നാം സ്ഥാനം നേടി. ഷമീമ, രഹ്ന, കമറു, ഫാത്തിമ എന്നിവരുടെ ടീമിനാണ് രണ്ടാം സ്ഥാനം.
മാസ്റ്റർ ഷെഫുമാരായ ഷൈഫ് പിള്ള, ഫൈസൽ ബഷീർ, ഫജീദ ആഷിക്, ഷെഫ് ബാബുജി, ബീഗം ഷാഹിന എന്നിവരായിരുന്നു മൽസരങ്ങളുടെ വിധികർത്താക്കൾ.മീഡിയവൺ ജി സി സി ജനറൽ മാനേജർ സവാബ് അലി, മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ നാസർ, മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ്,നെല്ലറ ഫുഡ് സി.ഇ.ഒ ഫസലുറഹ്മാൻ, ഹോട്ട്പാക്ക് ഡി.ജി.എം മുഹമ്മദ് റാഫി, കോസ്മോ ട്രാവൽസ് മാർക്കറിങ് മാനേജർ നദ മുഹമ്മദ്, ആയുഷ് കെയർ സി.ഇ.ഒ മുഹമ്മദ് ഷമാസ്, ഗോർമറ്റ് ഫുഡ്സ് ജനറൽ മാനേജർ അഫ്സൽ ബഷീർ തുടങ്ങിയർ പുരസ്കാരങ്ങൾ കൈമാറി. മാസ്റ്റർ ഷെഫുമാരുമായി സംവദിക്കാൻ ഷെഫ് തിയേറ്റർ എന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.