ബിസിനസിലെ എ.ഐ സാധ്യതകൾ; മീഡിയവണ്‍ കോണ്‍ക്ലേവിൽ പങ്കെടുത്ത് ഇരുന്നൂറിലേറെ സംരംഭകർ
ഡോ. എം.കെ മുനീർ എം.എൽ.എ കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ: യു.എ.ഇയിലെ ബിസിനസ് സംരംഭകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരിചയപ്പെടുത്തി മീഡിയവൺ ഒരുക്കിയ ബിസിനസ് കോൺക്ലേവിന് മികച്ച പ്രതികരണം. ടെക്നോളജി സ്ഥാപനമായ ടാൽറോപുമായി കൈകോർത്ത് ദുബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരുന്നൂറിലധികം സംരംഭകർ പങ്കെടുത്തു. ഡോ. എം.കെ മുനീർ എം.എൽ.എ കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമോഷന്റെയും പുതിയ സാധ്യതകളെ കുറിച്ച ഗൗരവതരമായ ചർച്ചകൾക്ക് മീഡിയവൺ വേദിയൊരുക്കിയത്. വാണിജ്യം മുതൽ സംഗീതം വരെയുള്ള സകലമേഖലകളും നിർമിതബുദ്ധി സാങ്കേതിക വിദ്യയിലൂടെ വൻ മാറ്റങ്ങൾക്ക് വഴിമാറുമ്പോൾ മനുഷ്യത്വത്തിലും സഹാനുഭൂതിയിലും മാത്രമാണ് മനുഷ്യന് യന്ത്രങ്ങളേക്കാൾ മികച്ചു നിൽക്കാനാവുകയെന്ന് ഉദ്ഘാടനം നിർവഹിച്ച എം.കെ മുനീർ എം.എൽ.എ പറഞ്ഞു.
അലിറിസ ഗ്രൂപ്പ് ചെയർമാൻ അലിറിസ അബ്ദുൽഗഫൂർ, ജെംസ് എഡുക്കേഷന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെഡ് ഷമീദ് സേട്ട്, ഗ്രോവാലി സ്ഥാപകൻ ജസീർ ജമാൽ തുടങ്ങിയ എ.ഐ വിദഗ്ധർ സദസുമായി സംവദിച്ചു.
ചാറ്റ്- ജിപിടി ഉൾപ്പടെ 50 ലധികം എ.ഐ ടൂളുകൾ ഉപയോഗിച്ച് ബിസിനസ് സംരംഭങ്ങളെ ചുരുങ്ങിയ ചെലവിൽ ഓട്ടോമേറ്റ് ചെയ്യുന്ന ടാൽറോപിന്റെ ബിസിനസ് കണക്ട് പ്രൊജക്ട് കോൺക്ലേവിൽ അവതരിപ്പിച്ചു. എല്ലാത്തരം സംരംഭകർക്കും ബിസിനസ് ഓട്ടോമേഷൻ സാധ്യമാക്കുന്ന സൊലൂഷനാണ് ബിസിനസ് കണക്ട് എന്ന പ്രൊജക്ട്.
ടാൽറോപ് സി.ടി.ഒ സോബിർ നജ്മുദ്ദീൻ, സി.ഒ.ഒ ജോൺസ് ജോസഫ്, പ്രോജക്ട് ഡയറക്ടർ മിഷാന മുഹമ്മദ് എന്നിവർ സംസാരിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് അധ്യക്ഷനായിരുന്നു. ജി.സി.സി ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ സ്വാഗതവും മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ നന്ദിയും പറഞ്ഞു.