കൂടുതൽ 'സാലിക്' ഓഹരികൾ വിൽപനക്ക്; ഓഹരി സ്വന്തമാക്കാൻ മുന്നിൽ പ്രവാസികളും

24.9 ശതമാനം ഓഹരികൾ വിപണിയിലെത്തും

Update: 2022-09-16 16:52 GMT
Advertising

ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ സാലിക് പൊതുജനങ്ങൾക്കായി വിൽപനക്ക് വെച്ച ഓഹരിയുടെ എണ്ണം വർധിപ്പിച്ചു. പ്രവാസികളിൽ നിന്നുൾപെടെ സാലിക് ഓഹരികൾക്ക് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് കൂടുതൽ ഷെയറുകൾ വിപണിയിലെത്തിക്കുന്നത്.

സാലിക് ഐപിഒ വഴി വിപണിയിലെത്തിക്കുന്ന ഓഹരി 20 ശതമാനത്തിൽ നിന്ന് 24.9 ശതമാനമായാണ് വർധിപ്പിച്ചത്. ഇതോടെ ആകെ 186 കോടി ഓഹരികൾ വിൽക്കും. നേരത്തെ 150 കോടി ഓഹരിയാണ് വിൽക്കാൻ തീരുമാനിച്ചത്. നിലവിലുള്ള ഓഹരി മൂലധനത്തിൻറെ 75.1 ശതമാനം ദുബൈ സർക്കാരിൻറെ ഉടമസ്ഥതയിൽ തുടരും.

ചൊവ്വാഴ്ച മുതൽ ആരംഭിച്ച വിൽപനയിൽ ഒരു ഓഹരിക്ക് 2 ദിർഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബർ 20വരെയാണ് വിൽപന നടക്കുക. വിൽപനക്ക് ശേഷം സെപ്റ്റംബർ 29ന് 'സാലിക്' ഷെയറുകൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും. ഓഹരി വിൽപനക്ക് മുമ്പായി ജൂണിൽ 99 വർഷത്തെ കാലാവധിയോടെ 'സാലിക്' പബ്ലിക് ജോയിൻറ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. എമിറേറ്റിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്. ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡിയാണ് ഐ.പി.ഒയുടെ ലീഡ് സ്വീകരിക്കുന്ന ബാങ്ക്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News