എ.ഐ ദുരുപയോഗം തടയണം; അന്താരാഷ്ട്ര എ.ഐ നയം അവതരിപ്പിച്ച് യു.എ.ഇ
ആറ് അടിസ്ഥാന തത്വങ്ങളിലാണ് നയം രൂപവത്കരിച്ചിട്ടുള്ളത്
ദുബൈ: സാങ്കേതിക മേഖലയിൽ വലിയ കുതിപ്പിന് വഴിയൊരുക്കി അന്താരാഷ്ട്ര എ.ഐ നയം അവതരിപ്പിച്ച് യു.എ.ഇ. ആറ് അടിസ്ഥാന തത്വങ്ങളിലാണ് നയം രൂപവത്കരിച്ചിട്ടുള്ളത്. നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ ദുരുപയോഗം വർധിച്ച സാഹചര്യത്തിലാണ് യുഎഇ പുതിയ എ.ഐ നയത്തിന് രൂപം നൽകിയത്. സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുകയും മേഖലയിൽ യുഎഇയുടെ ആധിപത്യം നിലനിർത്തുകയുമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. പുരോഗതി, സമൂഹം, മൂല്യം, സുസ്ഥിരത, സുരക്ഷ എന്നിങ്ങനെ ആറ് അടിസ്ഥാന മൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് നയം തയ്യാറാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തിൽ എ.ഐ സാങ്കേതിക വിദ്യ ഉയർത്തുന്ന സങ്കീർണമായ വെല്ലുവിളികൾ മറികടക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും മാറ്റത്തിനും എ.ഐ ഉപയോഗിക്കുക, എ.ഐ മേഖലയിൽ യുഎഇയുടെ ആഗോള നായകത്വം ശക്തിപ്പെടുത്തുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യങ്ങളായി കണക്കാക്കുന്നത്.
ജനറേറ്റീവ് എ.ഐ അടക്കമുള്ള സങ്കേതങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായ സാഹചര്യത്തിലാണ് യുഎഇയുടെ എ.ഐ നയത്തിന് പ്രസക്തിയേറുന്നത്. 2017ൽ തന്നെ എ.ഐക്കായി യുഎഇ പുതിയ സ്ട്രാറ്റജി കൊണ്ടുവന്നിരുന്നു. ലോകത്താദ്യമായി എ.ഐ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മന്ത്രാലയം കൊണ്ടുവന്നത് യുഎഇയാണ്.