നീറ്റ് പരീക്ഷ നാളെ; ഗൾഫിൽ എട്ട് കേന്ദ്രങ്ങൾ
യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രങ്ങളുള്ളത്
Update: 2024-05-04 17:51 GMT
ദുബൈ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ആറ് ഗൾഫ് രാജ്യങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ നാളെ നടക്കും. യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രങ്ങളുള്ളത്. മൂന്ന് കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ദുബൈ ഇന്ത്യൻ ഹൈസ്‌കൂൾ, ഷാർജ ഇന്ത്യൻ സ്‌കൂൾ, ഗേൾസ്, അബൂദബി ഇന്ത്യൻ സ്‌കൂൾ എന്നിവയാണ് യു.എ.ഇയിലെ കേന്ദ്രങ്ങൾ.
യു.എ.ഇ സമയം രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് 12 വരെ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. ഉച്ച 12.30 മുതൽ 3.50 വരെ മൂന്ന് മണിക്കൂർ 20 മിനുറ്റാണ് പരീക്ഷ. യു.എ.ഇക്ക് പുറമേ, ഖത്തർ, കുവൈത്ത്, ഒമാൻ , സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇത്തവണ ആദ്യഘട്ടത്തിൽ ഗൾഫിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ മടിച്ചത് പ്രവാസികളായ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു.