ദുബൈ യാത്രക്കാര്‍ക്ക് ഇടത്താവളമായി താഷ്കെന്‍റ്; പുതിയ പ്രോട്ടോകോൾ പ്രകാരം താഷ്കെന്‍റ് വഴി രണ്ടുദിവസം കൊണ്ട് ദുബൈയിലെത്താം

നേരിട്ടുള്ള വിമാന സർവീസ് തുടങ്ങാൻ വൈകുന്നതിനാൽ നാട്ടിൽ കുടുങ്ങിപോയ നിരവധി പ്രവാസികൾക്ക് അടിയന്തര സാഹചര്യത്തിൽ ഈ മാർഗം ഉപകാരപ്പെടും.

Update: 2021-06-25 18:05 GMT
Editor : Nidhin | By : Web Desk
Advertising

ദുബൈ പ്രഖ്യാപിച്ച പുതിയ പ്രോട്ടോകോൾ പ്രകാരം ഇന്ത്യക്കാർക്ക് രണ്ടുദിവസം കൊണ്ട് ചുരുങ്ങിയ ചെലവിൽ ഉസ്ബെക്കിസ്ഥാൻ  വഴി യുഎഇയിലേക്ക് വരാം. പഴയ പോലെ ഉസ്ബെക്കിസ്ഥാനില്‍ 14 ദിവസം ഹോട്ടൽ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല. 

ഈമാസം 23 മുതൽ നിലവിൽ വന്ന പുതിയ പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്ന് നേരിട്ട് ദുബൈയിലേക്ക് എന്ന് മുതൽ വിമാന സർവീസ് തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ പുതിയ പ്രോട്ടോകോൾ നിലവിൽ വന്ന അന്ന് തന്നെ ചട്ടങ്ങൾ പാലിച്ച് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ലൈജു രവി ദുബൈയിൽ വിമാനമിറങ്ങി. നാട്ടിലേക്ക് പോകും മുമ്പേ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരുന്ന റൈജു ഉസ്ബെകിസ്ഥാന്‍ തലസ്ഥാനമായ താഷ്കെന്‍റിൽ നിന്നാണ് ദുബൈയിൽ ഇറങ്ങിയത്. 14 ദിവസം താഷ്കെന്‍റില്‍ ഹോട്ടലിൽ കഴിയേണ്ടി വരുന്ന പാക്കേജിലാണ് പുറപ്പെട്ടത് എങ്കിലും പുതിയ പ്രോട്ടോകോൾ പരീക്ഷിക്കാൻ തയാറായത് യാത്ര എളുപ്പമാക്കി.

40 ദിവസത്തോളം നാട്ടിൽ കുടുങ്ങിയ ശേഷമാണ് പ്രമുഖ ഹോട്ടലിന്‍റെ ഫിനാൻഷ്യൽ കൺട്രോളറായ ഇദ്ദേഹം ബദൽമാർഗം പരീക്ഷിച്ചത്. യുഎഇയിലേക്ക് വരാൻ നിരവധി മലയാളികൾ ഇപ്പോഴും താഷ്കെന്‍റിലുണ്ടെങ്കിലും അവർ ഈ പരീക്ഷണത്തിന് തയാറായിരുന്നില്ല. ഹോട്ടൽ ക്വാറന്‍റൈന്‍ ഒഴിവാകുന്നതിനാൽ പുതിയ മാർഗത്തിൽ യാത്രക്ക് ചെലവും ഗണ്യമായി കുറയുന്നുണ്ട്.

നേരിട്ടുള്ള വിമാന സർവീസ് തുടങ്ങാൻ വൈകുന്നതിനാൽ നാട്ടിൽ കുടുങ്ങിപോയ നിരവധി പ്രവാസികൾക്ക് അടിയന്തര സാഹചര്യത്തിൽ ഈ മാർഗം ഉപകാരപ്പെടും.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News