പുതിയ വാരാന്ത്യം; പഠനസമയം ക്രമീകരിക്കാന്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി
രക്ഷിതാക്കളുമായി നടത്തിയ സംയുക്ത ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം പുതിയ സമയക്രമീകരണമെന്നും അതോറിറ്റി ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക നിര്‍ദ്ദേശങ്ങളിലുണ്ട്
ദുബൈ: പുതിയ വാരാന്ത്യം നിലവില്‍ വരുന്നതോടെ, എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കാന്‍ അനുമതി. ഇതുപ്രകാരം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് നേരത്തെ ആരംഭിക്കുന്ന തരത്തിലോ വൈകി അവസാനിപ്പിക്കുന്ന തരത്തിലോ സ്‌കൂള്‍ പഠനസമയം പുനര്‍നിര്‍ണയിക്കാവുന്നതാണ്. ദുബായിലെ സ്വകാര്യ സ്‌കൂളുകളും ജനുവരിയില്‍ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതോടെ പഠനസമയം നഷ്ടമാകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഈ നീക്കം.
സ്‌കൂളുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന സമയം നേരത്തെ ആരംഭിക്കുകയോ വൈകി അവസാനിപ്പിക്കുകയോ ചെയ്യാം. എങ്കിലും രക്ഷിതാക്കളുമായി നടത്തിയ സംയുക്ത ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം പുതിയ സമയക്രമീകരണമെന്നും അതോറിറ്റി ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക നിര്‍ദ്ദേശങ്ങളിലുണ്ട്. എന്നാല്‍, വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതിയില്ല. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും ഒരേ ടൈംടേബിള്‍ നടപ്പിലാക്കും.
ഷാര്‍ജയിലെ വിദ്യാഭ്യാസ മേധാവികളും പുതിയ പ്രവൃത്തി ആഴ്ചയിലെ മാറ്റത്തെ പിന്തുണയ്ക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഷാര്‍ജയില്‍, തിങ്കള്‍ മുതല്‍ വ്യാഴം വരെ മാത്രമായിരിക്കും പൊതുമേഖലയുടെ പ്രവര്‍ത്തി സമയം. ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും ഇതോടെ ലഭിക്കും.
ഇതിനെ തുടര്‍ന്ന്, ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ദൈനംദിന പഠന സമയം വര്‍ദ്ധിപ്പിക്കാനോ അധ്യയന വര്‍ഷം ഒരാഴ്ച കൂടി നീട്ടാനോ അനുമതി ലഭിക്കും. ശൈത്യകാല അവധിക്കു ശേഷം, ജനുവരി 3 തിങ്കളാഴ്ച മുതലാണ് എല്ലാ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ആരംഭിക്കുക.