അബൂദബിയിൽ പൊതുജനങ്ങൾക്ക് അഴിമതി റിപ്പോർട്ട് ചെയ്യാൻ പുതിയ ഇലക്ട്രോണിക് സംവിധാനം
അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും
Update: 2022-05-26 19:11 GMT
അബൂദബി: പൊതുജനങ്ങൾക്ക് അഴിമതി റിപ്പോർട്ട് ചെയ്യാൻ പുതിയ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തി. അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റിയാണ് 'വാജിബ്' എന്ന പേരിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. സാമ്പത്തികവും, ഭരണപരവുമായ അഴിമതികൾ wajib.adaa.gov.ae/ എന്ന ഓൺലൈൻ സംവിധാനം വഴി റിപ്പോർട്ട് ചെയ്യാം. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തനനിരതമായ സംവിധാനമാണിത്. റിപ്പോർട്ട് ചെയ്യുന്നവരുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന കോഡ് നമ്പർ ഉപയോഗിച്ച് പരാതികളുടെ തുടർപ്രവർത്തനം നടക്കും. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. മാത്രമല്ല ഇവർക്ക് രാജ്യസേവനത്തിനുള്ള സമ്മാനങ്ങളും നൽകുമെന്ന് അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റി അറിയിച്ചു.