പുതുവൽസരാഘോഷം: ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങള്‍ റെക്കോർഡ് വേഗത്തിൽ ശുചീകരിച്ചു
2241 ജീവനക്കാർ, 166 സൂപ്പർ വൈസർമാർ, 189 വളണ്ടിയർമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി
ദുബൈ: പുതുവത്സരാഘോഷത്തെ തുടർന്ന് ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ അവശേഷിച്ച മാലിന്യങ്ങൾ റെക്കോർഡ് വേഗത്തിൽ വൃത്തിയാക്കി മുനിസിപ്പാലിറ്റി. പുതുവൽസര രാവ് പിന്നിട്ട് രാവിലെ ആറു മണിയാകുമ്പോഴേക്കും വൃത്തിയാക്കൽ പൂർത്തീകരിച്ചു. ശുചീകരണത്തിന് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള 114 ഉപകരണങ്ങളും പ്രയോജനപ്പെടുത്തി. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരുന്നു മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗത്തിന്റെ പ്രവർത്തനം. 2241 ജീവനക്കാർ, 166 സൂപ്പർ വൈസർമാർ, 189 വളണ്ടിയർമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ട് മറ്റു പരിപാടികൾ എന്നിവയുടെ മാലിന്യവും സാധാരണയുണ്ടാകുന്ന മാലിന്യവും ശുചീകരണ യജ്ഞത്തിൽ നീക്കം ചെയ്തിട്ടുണ്ട്. നഗരത്തിന്‍റെ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പരിപാടികൾ നടന്ന സ്ഥലങ്ങളിൽ നിർദേശിക്കപ്പെട്ട ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നു. എമിറേറ്റിലെ 43 സ്ഥലങ്ങളിലെ പരിപാടികളാണ് മുനിസിപ്പാലിറ്റി സംഘം നിരീക്ഷിച്ചത്.
ബുർജ് ഖലീഫ സൈറ്റിൽ മാത്രം 32 നിരീക്ഷകരെയാണ് നിയമിച്ചത്. ആകെ ജീവനക്കാരും സൂപ്പർ വൈസർമാരും അടക്കം 84 പേർ ഇതിന്‍റെ ഭാഗമായി. ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബൈ ഫ്രൈം, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ നടന്നത്. ദുബൈ ഫ്രൈം പരിസരത്ത് മാത്രം 20,000 പേരാണ് പങ്കെടുത്തത്. പുതുവൽസര രാവിൽ ദുബൈ പൊതുഗതാഗത സംവിധാനം 21 ലക്ഷം പേർ ഉപയോഗിച്ചതായി കഴിഞ്ഞ ദിവസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു.