'സുൽത്താൻ വാരിയംകുന്നൻ' അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിൻ പേജുകൾ കൂടി: രചയിതാവ്
ചിത്രം ലഭിച്ചത് സയൻസ് അറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനിൽ നിന്നാണെന്നും അത്തരം വിവരങ്ങളെല്ലാം പുസ്തകത്തിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
'സുൽത്താൻ വാരിയം കുന്നൻ' എന്ന പുസ്തകത്തിലൂടെ പുറത്തു വിട്ട മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികത വിവാദമായ സാഹചര്യത്തിൽ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകൾ കൂടി ഉൾപ്പെടുത്തുമെന്ന് രചയിതാവ് റമീസ് മുഹമ്മദ് ഒ. 'മീഡിയവണി'നോട് പറഞ്ഞു. ചിത്രം ലഭിച്ചത് സയൻസ് അറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനിൽ നിന്നാണെന്നും അത്തരം വിവരങ്ങളെല്ലാം പുസ്തകത്തിൽ പറയുന്നുണ്ടെന്നും ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവർ പുസ്തകം വായിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'സുൽത്താൻ വാരിയം കുന്നന്റെ' പ്രകാശനത്തിന് എത്തിയതായിരുന്നു വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ റമീസ്.
സാധാരണ ചരിത്രപുസ്തകത്തിന്റെ രീതിയിലാണ് ഈ പുസ്തകവും തയാറാക്കിയത്. പുസ്തകത്തിന്റെ പേരും എഡിഷനുമാണ് സാധാരണ പ്രസിദ്ധീകരിക്കാറുള്ളത്. നിഷ്‌കളങ്കമായി പലരും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത എഡിഷനിൽ ഇവ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിക്കി പീഡിയ ആർക്കും എഡിറ്റ് ചെയ്യാവുന്നതാണെന്ന് എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'വാരിയംകുന്നൻ' എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്ന് നായകനാകാനിരുന്ന നടൻ പൃഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറിയത് വിവാദായിരുന്നു. സിനിമ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയും പിന്തുണക്കപ്പെടുകയും ചെയ്തിരുന്നു.
ഒക്‌ടോബർ 29 ന് മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രത്തോടെയാണ് ''സുൽത്താൻ വാരിയൻ കുന്നൻ'' പുസ്തകം പ്രകാശനം ചെയ്തത്. റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. പുസ്തകം പ്രകാശനം ചെയ്യാനായി വാരിയംകുന്നന്റെ പേരമകൾ ഹാജറയാണ് മലപ്പുറത്തെത്തിയത്.