ഞാൻ ഇവിടെ തന്നെയുണ്ട്; വീണ്ടും ബുർജ് ഖലീഫയുടെ തുഞ്ചത്ത് കയറി നികോൾ
അഞ്ച് മാസം മുമ്പ് എമിറേറ്റ്‌സിന്റെ യുകെ സർവീസ് സജീവമായത് അറിയിക്കാനാണ് ഡൈവിങ് പരിശീലകയായ നിക്കോൾ സ്മിത്ത് ലുഡ് വിക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഉച്ചിയിൽ കയറി നിന്നത്.
എയർ ഹോസ്റ്റസിന്റെ വേഷത്തിൽ ബുർജ് ഖലീഫയുടെ ഉച്ചിയിൽ കയറി നിന്ന് പരസ്യത്തിൽ അഭിനയിച്ച ഡൈവിങ് പരിശീലക നികോൾ സ്മിത്ത് ലുഡ്വിക്കിനെ ആരും മറന്നുകാണില്ല. ഇപ്പോൾ വീണ്ടും ബുർജ് ഖലീഫയുടെ തുഞ്ചത്ത് കയറി കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് നിക്കോൾ. ദുബൈ എക്‌സ്‌പോ കാണാൻ എമിറേറ്റ്‌സ് വിമാനത്തിൽ സന്ദർശകരെ ക്ഷണിച്ചാണ് ഇത്തവണ നിക്കോളിന്റെ പ്രകടനം. സാഹസികമായി ചിത്രീകരിച്ച ദൃശ്യങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ A 380 കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് മാസം മുമ്പ് എമിറേറ്റ്‌സിന്റെ യുകെ സർവീസ് സജീവമായത് അറിയിക്കാനാണ് ഡൈവിങ് പരിശീലകയായ നിക്കോൾ സ്മിത്ത് ലുഡ് വിക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഉച്ചിയിൽ കയറി നിന്നത്. യൂട്യൂബിൽ മാത്രം ഏഴ് മില്യണോളം പ്രേക്ഷകർ ഈ പരസ്യചിത്രം ആസ്വദിച്ചു.
താൻ ബുർജ് ഖലീഫക്ക് മുകളിൽ തന്നെയുണ്ട് എന്ന് അറിയിച്ചാണ് നിക്കോൾ പുതിയ പരസ്യചിത്രം ആരംഭിക്കുന്നത്. പിന്നാലെ ദുബൈ എക്‌സ്‌പോക്കായി പ്രത്യേകം അലങ്കരിച്ച എമിറേറ്റ്‌സിന്റെ എയർബസ് 380 വിമാനവും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ പരസ്യചിത്രം. സാമൂഹിക മാധ്യമങ്ങളിൽ പുതിയ പരസ്യചിത്രവും വൈറലാവുകയാണ്. ഇവയുടെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളും നേരത്തേ നിരവധി കാഴ്ച്ചക്കാരെ ആകർഷിച്ചിരുന്നു.