പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള ബന്ധം തകർക്കാൻ ആർക്കും സാധിക്കില്ല: സാദിഖ് അലി തങ്ങൾ

ലീഗും സമസ്തയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്ന് ജിഫ്രിതങ്ങൾ

Update: 2023-05-07 06:35 GMT
Advertising

പാലും വെള്ളവും ചേർന്നാൽ അതിനെ വേർതിരിക്കാൻ സാധിക്കാത്ത പോലെയാണ് പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള ബന്ധമെന്നും അത് തകർക്കാൻ ആർക്കും സാധിക്കില്ലെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ.

ദുബൈയിൽ നടന്ന സമസ്ത യു.എ.ഇ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുപ്പതാം വാർഷികസമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിനിടയിലാണ് തങ്ങളുടെ പ്രസ്താവന.

പാണക്കാട് കുടുംബത്തിന്റെ ദീനീ സ്ഥാപനങ്ങൾ സമസ്തയുടേതും സമസ്തയുടെ ദീനീ സ്ഥാപനങ്ങൾ പാണക്കാട് കുടുംബത്തിന്റെയുമാണെന്നും മുൻഗാമികൾ ഇതുവരെയും നടത്തിപ്പോന്നത് അപ്രകാരമാണെന്നും സി.ഐ.സി പ്രസിഡന്റുകൂടിയായ തങ്ങൾ കൂട്ടിച്ചേർത്തു.

സമസ്ത, സി.ഐ.സി വിവാദത്തെ തുടർന്ന് പ്രശ്‌നപരിഹാരങ്ങൾ നടത്തിവരുന്നതിനിടെ വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തള്ളിയാണ് സാദിഖ് അലി തങ്ങളുടെ പ്രസ്താവന.

പ്രശ്‌നങ്ങൾ എല്ലാം വളരെ വേഗം പരിഹരിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സമസ്തയുടെ തന്നെ നിർദ്ദേശത്തെ തുടർന്ന് സാദിഖ് അലി തങ്ങൾ സി.ഐ.സി സെക്രട്ടറിയെ മാറ്റിനിശ്ചയിച്ചതോടെയാണ് പുതിയ വിവാദങ്ങൾ ഉയർന്നത്..

തങ്ങൾക്ക് സ്വീകാര്യനല്ലാത്ത വ്യക്തിയെയാണ് പുതുതായി നിയമിച്ചതെന്നാരോപിച്ച് ചിലർ സാദിഖ് അലി തങ്ങൾക്കെതിരെ വിമർശനങ്ങളുയർത്തിയിരുന്നു. ഇതിനെ തുടർന്ന് സി.ഐ.സിയിൽനിന്ന് ജിഫ്രി തങ്ങളടക്കമുള്ള ചില നേതാക്കൾ രാജിവക്കുകയും ചെയ്തു. ഇതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.

അതേസമയം സാദിഖ് അലി തങ്ങളും ജിഫ്രിതങ്ങളും സമ്മേളന വേദിയിൽ ഒരുമിച്ചെത്തി. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്നും അത് തകർക്കാൻ ആർക്കും സാധിക്കില്ലെന്നും ജിഫ്രിതങ്ങൾ അഭിപ്രായപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News