ഓണവും ഏഷ്യാകപ്പും; സ്‌കൂളുകൾ തുറന്നിട്ടും നിരക്ക് കുറയ്ക്കാതെ വിമാനക്കമ്പനികൾ
വേനലവധി കഴിഞ്ഞ് യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നെങ്കിലും വിമാന നിരക്കുകളിൽ കാര്യമായ കുറവുണ്ടാകാത്തത് സാധാരണക്കാരായ പ്രവാസികളെ പ്രയാസത്തിലാക്കുന്നു.
സ്‌കൂളുകൾ തുറക്കുന്നതോടെ വിമാന നിരക്കുകളിൽ കുറവുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് വിമാനക്കമ്പനികൾ ടിക്കറ്റ്‌നിരക്കുകൾ കുറയ്ക്കാതായതോടെ അവധിക്കായി നാട്ടിലേക്ക് പോയ ഇന്ത്യൻ വിദ്യാർത്ഥികളും പാകിസ്താൻ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും യു.എ.ഇയിലേക്ക് മടങ്ങാൻ പ്രയാസപ്പെടുകയാണ്.
നിരവധി കുടുംബങ്ങൾ ടിക്കറ്റ് നിരക്ക് കുറയുന്നതും കാത്തിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ പതിവിലധികം പേരാണ് ഇത്തവണ അവധിക്കായി നാട്ടിൽ പോയിരുന്നത്. യു.എ.ഇയിൽ ഏഷ്യാ കപ്പ് നടക്കുന്നതും ദക്ഷിണേഷ്യയിൽനിന്ന് ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചിയിൽനിന്ന് ദുബൈയിലേക്ക് ഫ്‌ലൈ ദുബൈയിൽ ശരാശരി 960 ദിർഹവും എമിറേറ്റ്‌സ് എയർലൈനുകളിൽ 1,185 ദിർഹവുമാണ് വൺ-വേ വിമാനനിരക്ക്.
ഓണാഘോഷങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ 10 ന് ശേഷം മാത്രമേ കേരളത്തിൽനിന്നുള്ള ഫ്‌ലൈറ്റുകളിൽ നിരക്ക് കുറയാൻ സാധ്യതയൊള്ളു.