ഫലസ്തീൻ രാഷ്ട്രം അനിവാര്യം, പ്രശ്നപരിഹാരത്തിന് കുറുക്കുവഴികളില്ല -ഉർദുഗാൻ
‘രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും പ്രശ്നമായി തന്നെ നിലനിൽക്കും’
ദുബൈ: മേഖലയിൽ സുസ്ഥിര സമാധാനത്തിന് ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന് തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ദുബൈയിൽ പുരോഗമിക്കുന്ന ലോക സർക്കാർ ഉച്ചകോടിയുടെ രണ്ടാംദിനത്തിൽ സംസാരിക്കവെയാണ് ലോകനേതാക്കൾക്ക് മുമ്പിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും ഒരു പ്രശ്നമായി തന്നെ നിലനിൽക്കും. ഇസ്രയേൽ മേഖലയിൽ സ്ഥിരമായ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുടിയേറ്റ വിപുലീകരണ നീക്കങ്ങൾ അവസാനിപ്പിക്കുകയും ഫലസ്തീൻ രാഷ്ട്രത്തിന്‍റെ അസ്തിത്വം അംഗീകരിക്കുകയും വേണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തിക്കുള്ളിൽ സ്വതന്ത്രവും പരമാധികാരവും ഭൂമിശാസ്ത്രപരമായി സംയോജിതവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ കൈക്കൊള്ളുന്ന ഓരോ ചുവടും അപൂർണമായിരിക്കും -ഉർദുഗാൻ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിക്ക് സംഭാവന നൽകുന്നത് തുടരാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ഏജൻസിക്കെതിരെ സമീപകാലത്തുണ്ടാകുന്ന ആക്രമണങ്ങൾ ഖേദകരമാണ്. ജോർദാൻ, സിറിയ, ലബനാൻ, ഫലസ്തീൻ പ്രദേശങ്ങളിലെ 60 ലക്ഷം അഭയാർഥികളുടെ ജീവനാഡിയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11ാമത് ലോക സർക്കാർ ഉച്ചകോടിയിൽ 120 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളും 25 രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, ഖത്തർ, തുർക്കിയ എന്നിവ ഇത്തവണ അതിഥി രാജ്യങ്ങളാണ്. 85 അന്താരാഷ്ട്ര, പ്രദേശിക കൂട്ടായ്മകളും ഉച്ചകോടിയുടെ ഭാഗമാണ്.
110 സംവാദങ്ങൾ, 200 ആഗോള പ്രഭാഷകരുടെ സംസാരങ്ങൾ, 300 മന്ത്രിമാരുടെ പങ്കാളിത്തം, 4000 പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ രീതിയിലാണ് ഉച്ചകോടി ഇത്തവണ ഒരുക്കിയിട്ടുള്ളത്.