പറക്കാം..പറക്കാം..; ഷാർജയിൽ പാരാഗ്ലൈഡിങ് കേന്ദ്രം തുടങ്ങി
ഷാർജ നിക്ഷേപ വികസന വകുപ്പായ ഷൂറൂഖിന്റെ നേതൃത്വത്തിലാണ് പുതിയ സാഹസിക കേന്ദ്രം പ്രവർത്തനമാരംഭിച്ചത്
ഷാർജ: വിനോദ സഞ്ചാരികൾക്ക് ഷാർജയുടെ ആകാശത്ത് പറന്നുനടക്കാൻ പാരാഗ്ലൈഡിങ് കേന്ദ്രം തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പായ ഷൂറൂഖിന്റെ നേതൃത്വത്തിലാണ് പുതിയ സാഹസിക കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
പറക്കാം..പറക്കാം..; ഷാർജയിൽ പാരാഗ്ലൈഡിങ് കേന്ദ്രം തുടങ്ങിഷാർജയുടെ ആകാശത്ത് ഇനി ഇങ്ങനെ പറന്നുല്ലസിക്കാം. മരുഭൂ കാഴ്ചകൾകാണാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സ്കൈ അഡ്വഞ്ചേഴ്സ് എന്ന പേരിലാണ് ഷുറൂഖ് പാരാഗ്ലൈഡിങ് കേന്ദ്രം തുറന്നത്. ഷാർജ രാജ്യാന്തര ഗ്ലൈഡിങ് ചാമ്പ്യൻഷിപ്പിന് ശേഷം തിങ്കളാഴ്ച മുതൽ ഈ കേന്ദ്രം പൊതുജനങ്ങൾക്കായി വാതിൽ തുറക്കും. മലീഹയോട് ചേർന്ന അൽഫയ റിട്രീറ്റിന് സമീപമാണിത്.
വിദഗ്ദർക്കൊപ്പം പറന്ന് കാഴ്ചകൾ കാണാനുള്ള ടാൻഡം പാക്കേജ്, പാരാഗ്രൈഡിങ് പഠിച്ച് ലൈസൻസ് നേടാനുള്ള പാക്കേജ്. ലൈസൻസുള്ളവർക്ക് പറക്കാനുള്ള പാക്കേജ് എന്നിങ്ങനെ മൂന്ന് പാക്കേജുകളിൽ ഇവിടെ ഗ്ലൈഡിങ് നടത്താം.
ഷാർജയിലെ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല, ഷുറൂഖ് ആക്റ്റിങ് സിഈഓ അഹമ്മദ് ഉബൈദ് അൽ ഖസീർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.