പാർക്കിങ്: ദുബൈയിലെ 'പാർക്കിൻ' കമ്പനിയുടെ വരുമാനം വർധിച്ചു

ആറു മാസത്തിനിടെ 41.977 കോടി ദിർഹമിന്റെ വരുമാനം നേടി

Update: 2024-08-13 17:27 GMT
Advertising

ദുബൈ: പാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട ദുബൈ കമ്പനിക്ക് മികച്ച നേട്ടം. കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ യാഥാർഥ്യമായതോടെയാണ് 'പാർക്കിൻ' കമ്പനിയുടെ വരുമാനം വർധിച്ചത്. വരുംവർഷങ്ങളിൽ ലാഭവിഹിതം ഗണ്യമായി ഉയർന്നേക്കും എന്നാണ് പ്രതീക്ഷ.

ദുബൈ എമിറേറ്റിലെ പാർക്കിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട പാർക്കിൻ കഴിഞ്ഞ ആറു മാസത്തിനിടെ 41.977 കോടി ദിർഹമിന്റെ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 38.2 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 18.8 കോടിയിൽ നിന്ന് ലാഭം 21.84 കോടിയായി വർധിച്ചതായും കമ്പനി വെളിപ്പെടുത്തി.

അതേസമയം, രണ്ടാം പാദ വർഷത്തിൽ കമ്പനി ചുമത്തിയ പിഴയിൽ 26 ശതമാനം വർധനവും രേഖപ്പെടുത്തി. 2023ലെ രണ്ടാം പാദത്തിൽ 2,91,000 ദിർഹമിൽ 3,65,000 ദിർഹമായാണ് പിഴ വർധിച്ചത്. പൊതു പാർക്കിങ് സ്ഥലത്തെ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് കൂടുതൽ പിഴ ചുമത്തിയത്. ഈ വർഷം രണ്ടാം പാദത്തിൽ എമിറേറ്റിലെ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം രണ്ടുലക്ഷം കടന്നിരുന്നു. മൂന്നു ശതമാനമാണ് ഈ രംഗത്തെ വർധന. ഇതോടെ ആകെ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 2,40,000 ആയി ഉയർന്നു. രണ്ടാം പാദത്തിൽ മാത്രം 2,900 പുതിയ പാർക്കിങ് സ്ഥലങ്ങളാണ് കമ്പനി കൂട്ടിച്ചേർത്തത്. ദുബൈ മാളിൽ അടുത്തിടെയാണ് പാർക്കിങിന് ഫീസ് ഏർപ്പെടുത്തിയത്. മറ്റു പ്രധാന മാളുകളിലും വൈകാതെ സൗജന്യ പാർക്കിങിന് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News