ദുബൈയിൽ പെട്രോൾ വില വർധിക്കും: ഡീസൽ വില കുറയും
ഊർജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചത്
ദുബൈ: യു.എ.ഇയിൽ നാളെ(ഫെബ്രുവരി-1) മുതൽ പെട്രോൾ വില വർധിക്കും. പെട്രോൾ ലിറ്ററിന് ആറ് ഫിൽസ് വരെ ഉയരും. എന്നാൽ ഡീസൽ ലിറ്ററിന് ഒരു ഫിൽസ് കുറക്കാനും സർക്കാർ തീരുമാനിച്ചു.
ഊർജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചത്. സൂപ്പർ പെട്രോൾ ലിറ്ററിന് ആറ് ഫിൽസ് വർധിച്ചപ്പോൾ മറ്റ് പെട്രോൾ ഇനങ്ങൾക്ക് ലിറ്ററിന് അഞ്ച് ഫിൽസ് വീതമാണ് വർധന.
രണ്ട് ദിർഹം 82 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന് രണ്ട് ദിർഹം 88 ഫിൽസാകും നിരക്ക്. സ്പെഷൽ പെട്രോളിന് രണ്ട് ദിർഹം 76 ഫിൽസ് വിലയാകും. ജനുവരിയിൽ രണ്ട് ദിർഹം 71 ഫിൽസായിരുന്നു നിരക്ക്. ഇപ്ലസ് പെട്രോളിന്റെ വില രണ്ട് ദിർഹം 64 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 69 ഫിൽസാകും. ഡീസിൽ വില ജനുവരിയിൽ ലിറ്ററിന് മൂന്ന് ദിർഹമായിരുന്നത് ഫെബ്രുവരിയിൽ രണ്ട് ദിർഹം 99 ഫിൽസാകും.