ഇസ്രായേലികൾക്ക് കുത്തേറ്റുവെന്ന പ്രചരണം; വാർത്ത നിഷേധിച്ച് ദുബൈ പൊലീസ്
വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു
Update: 2023-10-17 02:01 GMT
ദുബൈയിൽ നാല് ഇസ്രായേലികൾക്ക് കുത്തേറ്റു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത ദുബൈ പൊലീസ് നിഷേധിച്ചു. നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്നും ഒരാൾ അറസ്റ്റിലായി എന്നുമാണ് പല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.
പല മാധ്യമങ്ങളും ഇത് ബ്രേക്കിങ് ന്യൂസ് എന്ന രീതിയിൽ പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം. യുഎഇയിൽ സുരക്ഷ പരമപ്രധാനാമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിനിടെ വൻതോതിലാണ് ഈ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് ഒരുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് വിശദീകരിച്ചു.