സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം; കടുത്ത പ്രതിഷേധവുമായി ഒ.ഐ.സി
മുസ്ലിം വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്ട്ര തലത്തിൽ നിയമനിർമാണം കൊണ്ടുവരാൻ ഒ.ഐ.സി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിച്ചു
സ്വീഡനിലെ സ്റ്റോക്ഹോമിൽ ഖുർആൻ കോപ്പി കത്തിച്ചതിൽ പ്രതിഷേധവുമായി മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് 57 മുസ്ലിം രാജ്യങ്ങൾ അംഗങ്ങളായ ഒ.ഐ.സി ആവശ്യപ്പെട്ടു. മുസ്ലിംവിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്ട്രതലത്തിൽ നിയമനിർമാണം കൊണ്ടുവരാൻ ഒ.ഐ.സി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിച്ചു
ഒ.ഐ.സി വിളിച്ചുചേർത്ത അസാധാരണ യോഗമാണ് സ്വീഡൻ സംഭവം ചർച്ച ചെയ്തത്. മുസ്ലിം വിരുദ്ധ നടപടികളുടെ തുടർച്ചയായി വേണം ഇത്തരം സംഭവങ്ങളെ കാണാനെന്ന് ഒ.ഐ.സി നേതൃയോഗം വ്യക്തമാക്കി. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധഗ്രന്ഥത്തയും ഇകഴ്ത്തി കാണിക്കുന്ന രീതിയെ ആവിഷ്കാര സ്വാത്വന്ത്യവുമായി ചേർത്തു കാണുന്നത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി കുറ്റപ്പെടുത്തി.
ബലിപെരുന്നാളിന് സ്റ്റോക്ഹോം പള്ളിക്കു മുമ്പാകെയാണ് ഖുർആൻ കത്തിച്ചത്.. സ്വീഡൻ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് നടപടിയെന്നാണ് വിവിധ മുസ്ലിം രാജ്യങ്ങളുടെ കുറ്റപ്പെടുത്തൽ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ജാഗ്രത പുലർത്തണമെന്നും ഒ.ഐ.സി നിർദേശിച്ചു. മുസ്ലിം വിരുദ്ധ നീക്കങ്ങൾക്കെതിരെ യു.എൻ ഉൾപ്പെടെ ആഗോള കേന്ദ്രങ്ങളുടെ സഹകരണം തേടാനും ഒ.ഐ.സി യോഗത്തിൽ ധാരണയായി.
വംശീയ വിദ്വേഷം തടയാനുള്ള അന്താരാഷ്ട്ര ചട്ടങ്ങളുടെ പ്രയോഗവ്തകരണമാണ് വേണ്ടത്. അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ മുന്നറിയിപ്പ്നൽകി. സ്വീഡൻ ഭരണകൂടത്തെ മുസ്ലിം ലോകത്തിൻറ പൊതു പ്രതിഷേധം അറിയിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ഒഐ.സി നേതൃത്വം അംഗരാജ്യങ്ങൾക്ക് നിർദേശം നൽകി