ഷാര്‍ജയില്‍ റമദാന്‍ മാസത്തെ ജോലി സമയം കുറച്ച് നിശ്ചയിച്ചു

ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ

Update: 2022-03-08 14:37 GMT
Advertising

വിശുദ്ധ റമദാന്‍ മാസത്തിലെ ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലി സമയം പ്രഖ്യാപിച്ചു. റമദാനിലെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായിരിക്കുമെന്നാണ് ഷാര്‍ജ ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട ചെയ്ത സര്‍ക്കുലറില്‍ പറയുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ സമയത്തിനനുസരിച്ച് തന്നെ ജോലി സമയം നിര്‍ണ്ണയിക്കാവുന്നതാണ്.

യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍, രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമായിരിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച പകുതിവരെ പ്രവൃത്തി ദിവസമാണെങ്കിലും ഷാര്‍ജയില്‍ അന്നേ ദിവസങ്ങളില്‍ അവധിയാണ്. ഈ വര്‍ഷമാദ്യം യുഎഇ 4.5 ദിവസത്തെ വര്‍ക്ക് വീക്കിലേക്ക് മാറിയപ്പോഴും ഷാര്‍ജ വെള്ളിയാഴ്ചയുള്‍പ്പെടെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് സ്വീകരിച്ചിരിക്കുന്നത്.

വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം, ഏപ്രില്‍ 2 ന് റമദാന്‍ മാസം ആരംഭിക്കാനാണ് സാധ്യത. ഈ വര്‍ഷം, മെയ് 1 വരെ 30 ദിവസം റമദാന്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ മെയ് 2ന് യുഎഇ നിവാസികള്‍ പെരുന്നാള്‍ ആഘോഷിക്കാനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News