കാർബൺ പുറന്തള്ളൽ കുറക്കൽ: 8,440കോടി വകയിരുത്തി അഡ്നോക്
സുസ്ഥിര പദ്ധതികൾക്ക് ഊന്നൽ നൽകി ബജറ്റ്
ദുബൈ:കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി 8,440 കോടി വകയിരുത്തുന്ന ബജറ്റിന് അംഗീകാരം നൽകി എണ്ണക്കമ്പനിയായ അഡ്നോക്.കമ്പനി ചെയർമാൻ കൂടിയായ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
അടുത്ത അഞ്ചു വർഷത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് 178 ശതകോടി സംഭാവന ചെയ്യുന്നതാണ്കമ്പനി അംഗീകരിച്ച പദ്ധതികൾ. ഇതിന്റെ ഭാഗമായാണ് സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുന്നത്. കാർബൺ പുറന്തള്ളൽ കുറക്കുന്ന പദ്ധതികൾക്കും പുതിയ സാങ്കേതികവിദ്യകൾക്കും പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ബജറ്റ് വിഹിതം ഉപയോഗിക്കുക. കമ്പനിയുടെ യു.എ.ഇയിലും പുറത്തുമുള്ള കാർബൺ നിയന്ത്രണ സംവിധാനങ്ങളിലെ നിക്ഷേപവും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ ബജറ്റിൽ ഡീകാർബണൈസേഷൻ പദ്ധതികൾക്ക് 1500കോടിയാണ് അനുവദിച്ചിരുന്നത്.
ആഗോള തലത്തിലെ പ്രധാന എണ്ണയുൽപാദന സംവിധാനമെന്ന നിലയിൽ, കാർബൺ പുറന്തള്ളൽ കുറഞ്ഞ ഭാവിയെ രൂപപ്പെടുത്തുന്നതിന് നീതിപൂർവവും ക്രമപ്രകാരവുമുള്ള ഊർജ പരിവർത്തനത്തിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അഡ്നോക് മാനേജിങ് ഡയറക്ടർ കൂടിയായ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. കമ്പനിയുടെ കാർബൺ കാപ്ചർ ആൻഡ് സ്റ്റോറേജ്കപാസിറ്റി വർഷത്തിൽ 1കോടി ടൺ ആക്കി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അഡ്നോക് അടക്കം 50 ഓയിൽ, ഗ്യാസ്കമ്പനികൾ കാർബൺ പുറന്തള്ളുന്ന ചാർട്ടറിൽ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.